‘വിജയ് ദം ദം ബിരിയാണി’ യാംബു റോഡ് ഷോയുടെ ഭാഗമായി നടന്ന മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥികളും വിധികർത്താക്കളായ ഷെഫുമാരും
യാംബു: 'ഗൾഫ് മാധ്യമ'വും 'മീഫ്രണ്ടും' സംയുക്തമായി സൗദിയിലുടനീളം സംഘടിപ്പിച്ചു വരുന്ന ‘വിജയ് ദം ദം ബിരിയാണി’ മെഗാ മത്സരത്തോടനുബന്ധിച്ച് യാംബുവിൽ നടന്ന റോഡ് ഷോ പ്രവാസികളുടെ വലിയ പങ്കാളിത്തത്തോടെ സമാപിച്ചു. യാംബുവിലെ എൻകംഫർട്ട്സ് ഫുഡ് ആൻഡ് അക്കമഡേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രദേശത്തെ കുടുംബങ്ങളും ബാച്ചിലർമാരും ഉൾപ്പെടെ പ്രവാസികളുടെ രുചിയുത്സവമായി മാറി.
നേരത്തെ രജിസ്റ്റർ ചെയ്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 പേരാണ് റോഡ് ഷോയിൽ നടന്ന പാചക മത്സരത്തിൽ മാറ്റുരച്ചത്. വീട്ടിൽ നിന്നും തയാറാക്കി കൊണ്ടുവന്ന വിവിധ തരം ബിരിയാണിയുമായി ഏറെ ആവേശത്തോടെ മത്സരിച്ച ഇവരിൽ നിന്നും ‘ലാറ്ററൽ എൻട്രി’യിലൂടെ ‘ബിരിയാണി ദം സ്റ്റാർ’ വിഭാഗത്തിൽ റാഷിദ ഷമീറും ‘ബിരിയാണി രാജ' വിഭാഗത്തിൽ അൽത്താഫ് കിഴാറ്റൂരും ഏപ്രിലിൽ നടക്കുന്ന സെമി ഫൈനലിലേക്കുള്ള ‘ഗോൾഡൻ ടിക്കറ്റ്’ കരസ്ഥമാക്കി.ഷെഫുമാരായ അബ്ദുൽ ഷകീർ, ഷിബു കുഞ്ഞുമോൻ (കാപ്സികം റെസ്റ്റോറന്റ്, ഉംലുജ്) എന്നിവരടങ്ങിയ വിധികർത്താക്കളാണ് മത്സരങ്ങൾ വിലയിരുത്തിയത്.
യാംബുവിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ പരിപാടിയിൽ അതിഥികളായെത്തിയിരുന്നു. അക്നെസ് യാംബു മാനേജിങ് ഡയറക്ടർ ആഷിഫ് പെരിന്തൽമണ്ണ, എലൈറ്റ് മിഷൻ ട്രേഡിങ്ങ് കോൺട്രാക്ടിങ് കമ്പനി യാംബു പ്രൊജക്റ്റ് മാനേജർ ഷഫീഖ് ഇസ്മാഈൽ, തനിമ യാംബു സോണൽ പ്രസിഡന്റ് സലിം വേങ്ങര, 'ഗൾഫ് മാധ്യമം' പ്രതിനിധികളായ സാദിഖലി തുവ്വൂർ, ഷബിൻ മുഹമ്മദ്, പി.കെ സിറാജ്, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവരും വിജയ് മസാല, ഫ്രണ്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.
യാംബുവിലെ സംഘാടക സമിതി അംഗങ്ങൾ 'ഗൾഫ് മാധ്യമം' പ്രതിനിധികൾക്കും അവതാരകർക്കുമൊപ്പം
രുചി ഉത്സവത്തിന് മാറ്റുകൂട്ടി ജിദ്ദയിൽ നിന്നുള്ള ഷംന റിയാസ്, യാംബുവിലെ നൗഷാദ് വി. മൂസ എന്നിവർ അവതാരകരായിരുന്ന പരിപാടിയിൽ യാംബുവിലെ വിവിധ ഗായകരുടെ സംഗീത വിരുന്നും മലർവാടി ബാലസംഘം കുരുന്നുകളുടെ കലാപ്രകടനങ്ങളും അരങ്ങേറി. മത്സരവിജയികൾക്കും സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചവർക്കും വിജയ് മസാല, സിറ്റി ഫ്ലവർ, ഫ്രണ്ടി സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ സാമൂഹ്യ പ്രവർത്തകരായ നാസർ നടുവിൽ (കെ.എം.സി.സി), അജോ ജോർജ്ജ് (നവോദയ), സലിം വേങ്ങര (തനിമ), സഫീൽ കടന്നമണ്ണ (യൂത്ത് ഇന്ത്യ), നസീഫ് മാറഞ്ചേരി (പ്രവാസി വെൽഫെയർ), നിയാസ് യൂസുഫ് (മീഡിയവൺ) തുടങ്ങിയവർ വിതരണം ചെയ്തു. യൂത്ത് ഇന്ത്യ യാംബു ചാപ്റ്റർ പ്രസിഡന്റ് സഫീൽ കടന്നമണ്ണയുടെ നേതൃത്വത്തിൽ തനിമ, യൂത്ത് ഇന്ത്യ വളണ്ടിയർമാരാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.
'വിജയ് ദം ദം ബിരിയാണി' മത്സരത്തിന്റെ സെമി ഫൈനലുകൾ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലായാണ് അരങ്ങേറുക. ശേഷം റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിജയിക്കുന്നവർക്ക് 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ 50,000 റിയാലിന്റെ മെഗാ സമ്മാനങ്ങളാണ് ലഭിക്കുക. പ്രമുഖ ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, അവതാരകനും പാചകവിദഗ്ധനുമായ രാജ് കലേഷ് (കല്ലു) എന്നിവർ ഫിനാലെയിൽ വിധികർത്താക്കളായി എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.