സൗദിക്ക് നേരെ വന്ന ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും സഖ്യസേന തടഞ്ഞു നശിപ്പിച്ചു
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും സൗദി വ്യോമപ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചു. റിയാദ് മേഖലയെ ലക്ഷ്യമാക്കിയെത്തിയ രണ്ട് ഡ്രോണുകളും ദക്ഷിണ നഗരമായ ഖമീസ് മുശൈത്തിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി ശനിയാഴ്ച പുലർച്ചെ പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
'രാജ്യത്തിന് നേരെയുണ്ടാകുന്ന മിസൈൽ, ഡ്രോൺ ഭീഷണികൾ ഞങ്ങൾ നിരന്തരം നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്,' മേജർ ജനറൽ അൽ മാലികി വ്യക്തമാക്കി. സഖ്യസേനയുടെ ഔദ്യോഗിക സ്ഥിരീകരണത്തിന് മുന്നോടിയായി, ജിസാൻ, അബഹ, ഖമീസ് മുശൈത്ത് തുടങ്ങിയ ദക്ഷിണ മേഖലകളിൽ ദേശീയ മുൻകരുതൽ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി സൗദി സിവില് ഡിഫന്സ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
ആക്രമണശ്രമങ്ങൾ തടഞ്ഞതിനെ തുടർന്ന് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിലിയൻമാർക്കും സുപ്രധാന കേന്ദ്രങ്ങൾക്കും നേരെ ഉണ്ടാകുന്ന വ്യോമഭീഷണികളെ പ്രതിരോധിക്കാൻ സഖ്യസേന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.