ലോക കേരളസഭ പ്രവാസി ശബ്ദത്തിനുള്ള സ്ഥിരംവേദിയായി നിലനിൽക്കണം
ലോക കേരളസഭ കേവലം ഒരു യോഗമോ വാർഷിക കൂട്ടായ്മയോ അല്ല; ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ഏറ്റവും വലിയ ജനാധിപത്യ വേദിയാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാന സർക്കാരും നടപ്പാക്കാത്ത മാതൃകാപരമായ ഒരു സംരംഭമാണിത്. കഴിഞ്ഞ നാല് വർഷമായി റിയാദിൽ നിന്നുള്ള ലോക കേരള സഭാംഗം എന്ന നിലയിൽ, ഈ മുന്നേറ്റത്തിെൻറ വ്യാപ്തിയും പ്രാധാന്യവും തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്.
കേരളത്തിെൻറ ഭരണചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം പ്രവാസി പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ ജനപ്രതിനിധികൾ ഒരുമിച്ചിരിക്കുന്നു എന്നതാണ് ഇതിെൻറ ഏറ്റവും വലിയ പ്രത്യേകത. മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവർ തുടർച്ചയായി രണ്ടുദിവസം പൂർണമായും ഇരുന്ന് പ്രവാസികളുടെ ആവലാതികളും നിർദേശങ്ങളും കേൾക്കുന്നു.
പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങാതെ പരാതികൾ രജിസ്റ്റർ ചെയ്യാനും അവ കൃത്യമായി ഫോളോ-അപ്പ് ചെയ്യാനും ഒരു സ്ഥിരം സെക്രട്ടേറിയറ്റും ഓൺലൈൻ പോർട്ടലും ഈ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സൗദി അറേബ്യ മുതൽ അമേരിക്ക വരെ ലോകത്തിലെ നൂറിലധികം രാജ്യങ്ങളിലുള്ള മലയാളി നെറ്റ്‌വർക്കിനെ ഔദ്യോഗികമായി കേരള സർക്കാരുറുമായി ബന്ധിപ്പിക്കാൻ ലോക കേരളസഭക്ക് സാധിച്ചു. ഈ ആഗോള ബന്ധവും സഹകരണവും ഇനി പറയുന്ന നിർണായകമായ പല നേട്ടങ്ങളിലേക്കും വഴിതെളിച്ചു.
പ്രവാസി ക്ഷേമനിധി വിഹിതം വർധിപ്പിക്കുകയും, നോർക്ക കെയർ പോലുള്ള വിവിധ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. ലോകം സ്തംഭിച്ച കോവിഡ് മഹാമാരിയുടെ സമയത്ത്, വിമാന സർവിസുകൾ ക്രമീകരിക്കുന്നതിനും ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായ പ്രവാസികൾക്ക് അടിയന്തര സഹായമെത്തിക്കുന്നതിനും ലോക കേരള സഭ മുന്നിൽ നിന്ന് പ്രവർത്തിച്ചു. പ്രവാസി നിക്ഷേപങ്ങൾ സുരക്ഷിതമായി കേരളത്തിലേക്ക് എത്തിക്കാൻ ഈ പ്ലാറ്റ്‌ഫോം വഴിയൊരുക്കി.
കേരളത്തിന് പുറത്ത് ജീവിക്കുന്ന 35 ലക്ഷത്തിലധികം വരുന്ന മലയാളി ഹൃദയങ്ങളുടെ ശബ്ദമാണ് ലോക കേരള സഭ. പ്രതിവർഷം രണ്ടര ലക്ഷം കോടി രൂപയോളമാണ് പ്രവാസികൾ നാടിെൻറ സമ്പദ്‌വ്യവസ്ഥയിലേക്ക് അയക്കുന്നത്.
അങ്ങനെയുള്ള പ്രവാസികൾക്ക് ഒടുവിൽ സ്വന്തം ശബ്ദം രേഖപ്പെടുത്താൻ കിട്ടിയ അംഗീകൃത വേദിയാണിത്. ലോക കേരളസഭ എന്നത് വെറും പാഴ് ചെലവാണെന്ന് വിമർശിക്കുന്നവർ യാഥാർഥ്യം തിരിച്ചറിയണം. കോവിഡ് കാലത്ത് സൗദിയിൽ ജോലി നഷ്ടപ്പെട്ട് നിലയില്ലാതെ നിന്ന പ്രവാസിയോടോ, ഇതിലൂടെ സ്കോളർഷിപ് ലഭിച്ച വിദ്യാർഥിയോടോ ചോദിച്ചാൽ ഇതിെൻറ വലിയ മൂല്യം മനസ്സിലാകും. ഇത് വെറുമൊരു സാമ്പത്തിക ചെലവല്ല; മറിച്ച് ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്കായി തീർത്ത കരുത്തുറ്റ ഒരു സുരക്ഷാ വലയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.