പ്രവാസലോകവും കേരളവും തമ്മിലുള്ള പാലം; ഇല്ലാതാക്കരുത്
ലോകത്തിെൻറ എവിടെയായാലും മലയാളി മനസ്സ് കേരളത്തോട് ചേർന്നുനിൽക്കുന്ന ഒന്നാണ്. ഈ ബന്ധത്തിന് ഔദ്യോഗികവും ജനാധിപത്യപരവുമായ വേദി നൽകാൻ 2018 ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചാണ് പ്രഥമ ലോക കേരള സഭ രൂപീകൃതമാകുന്നത്. പ്രവാസികളുടെ അനുഭവങ്ങളും പ്രശ്നങ്ങളും കേരളത്തിെൻറ നയരൂപീകരണത്തിൽ പങ്കാളിയാക്കുകയായിരുന്നു ലക്ഷ്യം.
ആദ്യ സമ്മേളനം മുതൽ പങ്കെടുത്ത അനുഭവത്തിൽ നിന്ന് പറയാം, ഇത് വെറുമൊരു ചടങ്ങല്ല, മാതൃനാടും പ്രവാസികളും തമ്മിലുള്ള ജീവസ്സുറ്റ സംവാദവേദിയാണ്. ഇ.കെ. നയനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ രൂപവത്കരിച്ച ‘നോർക്ക’ എന്ന വകുപ്പിനെ, കേന്ദ്രസർക്കാർ പ്രവാസി മന്ത്രാലയം നിർത്തലാക്കിയ പശ്ചാത്തലത്തിൽ കൂടുതൽ ജനകീയമാക്കാനും പ്രവാസികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാൻ പ്രാപ്തമാക്കാനും ലോക കേരള സഭക്കായി.
വെറുമൊരു സംവാദവേദിക്കപ്പുറം നോർക്ക കെയർ, നോർക്ക കെയർ പ്ലസ്, എയർപോർട്ട് ഹെൽപ് ഡെസ്കുകൾ, സ്റ്റുഡൻറ് മൈഗ്രേഷൻ പോർട്ടൽ, പ്രവാസി മിഷൻ, ഭൂമി-സ്വത്ത് തർക്കങ്ങൾക്കുള്ള ഡിജിറ്റൽ സംവിധാനങ്ങൾ, നിക്ഷേപ സൗകര്യങ്ങൾ, കേരള മൈഗ്രേഷൻ സർവേ എന്നിവക്ക് ഇത് വഴിയൊരുക്കി. കോവിഡ് കാലത്ത് മലേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അടിയന്തര സഹായങ്ങളെത്തിക്കാനും മലയാളി കൂട്ടായ്മകളെ ഏകോപിപ്പിക്കാനും ഈ ശൃംഖലക്ക് കഴിഞ്ഞു.
ലോക കേരളസഭയിൽ ധനികർ മാത്രമാണെന്ന ആരോപണം തെറ്റാണ്; അഷ്റഫ് താമരശ്ശേരി, ബെന്യാമിൻ, പ്രവാസി ജീവിത പ്രതീകമായ നജീബ്, ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ, വീട്ടുജോലിക്കാർ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രതിനിധികൾ ഇതിലുണ്ട്. സൗദി ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീമിെൻറ മോചനവിഷയം നാലാം സമ്മേളനത്തിൽ അഷ്റഫ് വേങ്ങാട്ട് ഉന്നയിച്ചതാണ് റഹീം സഹായസമിതി രൂപവത്കരണത്തിനും ലോകവ്യാപക മലയാളി കൂട്ടായ്മക്കും വഴിയൊരുക്കിയത്.
അഞ്ചാം സമ്മേളനത്തിലെത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് പ്രാതിനിധ്യം വ്യാപിച്ച, കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഈ സഭയെ ചില ചെലവുകളുടെ കണക്കിൽ മാത്രം വിലയിരുത്തുന്നത് ശരിയല്ല. ധൂർത്ത് ആരോപണങ്ങളുണ്ടെങ്കിൽ കണക്കുകൾ പരിശോധിച്ച് സുതാര്യത ഉറപ്പാക്കാം. സാധാരണക്കാരായ തൊഴിലാളികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും സഭയിലെ തീരുമാനങ്ങളിന്മേൽ സർക്കാർ സ്വീകരിച്ച നടപടികളുടെ ‘ആക്ഷൻ ടേക്കൺ റിപ്പോർട്ട്’ കൃത്യമായി പ്രസിദ്ധീകരിക്കുകയും വേണം.
എന്നാൽ, ഇതിെൻറ പേരിൽ ലോക കേരള സഭ തന്നെ അവസാനിപ്പിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശെൻറ പ്രഖ്യാപനം വലിയ ആശങ്കയുണർത്തുന്നതാണ്. കുറവുകൾ തിരുത്തി സഭയെ കൂടുതൽ ജനാധിപത്യപരമായി ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനാൽ സഭ പിരിച്ചുവിടാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നാണ് ലോക കേരള സഭാംഗമെന്ന നിലയിൽ ആവശ്യപ്പെടാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.