‘മദീന പാർക്കിങ്’ പദ്ധതിക്ക് തുടക്കമായപ്പോൾ
മദീന: നഗരത്തിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും പൊതു പാർക്കിങ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ‘മദീന പാർക്കിങ്’ പദ്ധതിക്ക് തുടക്കമായി. നഗരത്തിലെ സുപ്രധാന-വാണിജ്യ മേഖലകളിലെ പാർക്കിങ് നിയന്ത്രിക്കുക, വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, പാർക്കിങ് സ്പേസ് തിരയുന്നതിനുള്ള സമയം ലാഭിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പുതിയ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. പാർക്കിങ് കൃത്യമായി നിയന്ത്രിക്കുന്നതിലൂടെ നിയമവിരുദ്ധവും ക്രമരഹിതവുമായ പാർക്കിങ് രീതികൾ ഇല്ലാതാക്കാനും, അതുവഴി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും നഗരത്തിന്റെ ഭംഗി നിലനിർത്താനും സാധിക്കുമെന്ന് മദീന മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. റോഡുകളിലെ ഗതാഗതക്കുരുക്ക് കുറക്കാനും സുഗമമായ വാഹനയാത്ര ഉറപ്പാക്കാനും പുതിയ പദ്ധതി കാരണമാകും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിശ്ചിത മേഖലകളിൽ സൗജന്യ നിരക്കിലായിരിക്കും സേവനം ലഭ്യമാക്കുക. തുടർന്ന് ഘട്ടംഘട്ടമായി മറ്റ് സ്ഥലങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കും. വരും ഘട്ടങ്ങളിൽ സ്മാർട്ട് പേമെന്റ് ഉൾപ്പെടെയുള്ള വിവിധ പണമടക്കൽ രീതികൾ ഇതിൽ ഉൾപ്പെടുത്തും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ, ഉപയോഗിക്കേണ്ട രീതികൾ, പദ്ധതി നടപ്പാക്കുന്ന മേഖലകൾ എന്നിവ വരും ദിവസങ്ങളിൽ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും മുനിസിപ്പാലിറ്റി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.