ഫറസാൻ ദ്വീപുകളിലെ സംരക്ഷിത പ്രദേശങ്ങൾ
റിയാദ്: അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഫറസാൻ ദ്വീപുകളിലെ സംരക്ഷിത പ്രദേശങ്ങളെ ഉൾപ്പെടുത്തിയതായി ദേശീയ വന്യജീവി വികസന കേന്ദ്രം വ്യക്തമാക്കി. ഇതോടെ റാംസർ കൺവെൻഷന് കീഴിൽ ഔദ്യോഗികമായി ഉൾപ്പെട്ട ആദ്യത്തെ സൗദി സമുദ്ര സംരക്ഷണ കേന്ദ്രമായി.
‘വിഷൻ 2030’, ‘സൗദി ഗ്രീൻ ഇനിഷ്യേറ്റിവ്’ എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രകൃതിവിഭവങ്ങളും ആവാസ വ്യവസ്ഥകളും സംരക്ഷിക്കുന്നതിലും ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നതിലും അന്താരാഷ്ട്ര പരിസ്ഥിതി കരാറുകളിൽ സാന്നിധ്യം വർധിപ്പിക്കുന്നതിലും സൗദിയുടെ ശ്രമങ്ങളിൽ പ്രധാന നാഴികക്കല്ലാണ് ഈ നേട്ടമെന്ന് കേന്ദ്രം പറഞ്ഞു. 2024ലാണ് സൗദി ദേശിയ വന്യജീവി വികസന കേന്ദ്രം പ്രതിനിധീകരിക്കുന്ന റാംസർ കൺവെൻഷനിൽ സൗദി ചേർന്നത്. ഒരു വർഷത്തിന് ശേഷമാണ് ഫറസാൻ റിസർവ് കൺവെൻഷനിൽ ഉൾപ്പെടുത്തിയതെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വളരെ സെൻസിറ്റീവ് ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനും കര, തീരദേശ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും കേന്ദ്രം പറഞ്ഞു.
റാംസർ കൺവെൻഷനിൽ ഫറസാൻ ദ്വീപുകളിലെ സംരക്ഷിത പ്രദേശങ്ങളെ ഉൾപ്പെടുത്തുന്നത് അതിന്റെ അന്താരാഷ്ട്ര യാത്രയുടെ തുടർച്ചയായിട്ടാണ്. മുമ്പ് 2021-ൽ യുനെസ്കോയുടെ ‘മാൻ ആൻഡ് ദ ബയോസ്ഫിയർ പ്രോഗ്രാമി’ലും രജിസ്റ്റർ ചെയ്തിരുന്നുവെന്നും േകന്ദ്രം പറഞ്ഞു. സൗദി പരിസ്ഥിതി യാത്രയിലെ തന്ത്രപരമായ ഒരു നാഴികക്കല്ലാണ് ഈ ഉൾപ്പെടുത്തലെന്ന് ദേശീയ വന്യജീവി വികസന കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് അലി ഖുർബാൻ പറഞ്ഞു.
ഈ മേഖലയിലെ ആഗോള മികച്ച രീതികളോടുള്ള പ്രതിബദ്ധതക്ക് അനുസൃതമായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിലും ദേശാടന ജലപക്ഷികളെ സംരക്ഷിക്കുന്നതിലും സൗദി കൈവരിക്കുന്ന ഗണ്യമായ സ്ഥാപനപരമായ പുരോഗതിയെ ഇത് പ്രതിഫലിപ്പിക്കുന്നു.
പരിസ്ഥിതിമേഖലയുടെ ആഘാതം പരമാവധിയാക്കാനും സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ വർധിപ്പിക്കാനുമുള്ള സൗദിയുടെ ശ്രമങ്ങളെയും സുസ്ഥിര വികസനത്തിന്റെ ആഗോള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി എല്ലാ ദേശീയ, പ്രാദേശിക, അന്തർദേശീയ തലങ്ങളിലും സഹകരണത്തിന്റെ പാലങ്ങൾ പണിയുന്നതിനുള്ള അതിന്റെ വ്യക്തമായ പ്രതിബദ്ധതയെയും ഈ ഉൾപ്പെടുത്തൽ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജിസാനിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ തെക്കൻ ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന ഫറസാൻ ദ്വീപുകളിൽ വ്യത്യസ്ത വലുപ്പത്തിലുള്ള 200 ദ്വീപുകൾ ഉൾപ്പെടുന്നു. ഇത് സൗദിയുടെ ആകെയുള്ള 1,285 ദ്വീപുകളുടെ 15.6 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. 600 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ ദ്വീപസമൂഹത്തിൽ 84 പവിഴ ദ്വീപുകളും ഉൾപ്പെടുന്നു.
വെളുത്ത മണൽ കടൽത്തീരങ്ങൾക്കും ടർക്കോയ്സ് വെള്ളത്തിനും പേരുകേട്ട ഇത് കരയിലും സമുദ്രത്തിലും ജീവിക്കുന്ന ജീവജാലങ്ങൾക്ക് വൈവിധ്യമാർന്ന പ്രകൃതിദത്ത ആവാസ വ്യവസ്ഥയാണ്. ചെങ്കടലിലെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക കേന്ദ്രങ്ങളിലൊന്നാണ് ഫറസൻ ദ്വീപുകളിലെ സംരക്ഷിത പ്രദേശം. പവിഴപ്പുറ്റുകൾ, കണ്ടൽക്കാടുകൾ, നദീമുഖങ്ങൾ എന്നിവയുൾപ്പെടെ സമ്പന്നമായ ആവാസവ്യവസ്ഥകളുള്ള ഇത് അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങൾക്ക് ആവാസ വ്യവസ്ഥ നൽകുന്നു. ഭൂഖണ്ഡങ്ങളിലുടനീളമുള്ള ദേശാടന ജലപക്ഷികൾക്ക് ഒരു പ്രധാന ഇടത്താവളം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.