ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും, അറബ് നാഷനൽ ബാങ്ക് ഡെപ്യൂട്ടി ചീഫ് റീട്ടെയിൽ ബാങ്ക് ഓഫീസർ ഒത്മാൻ കെ. ബാദറും ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു
റിയാദ്: പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ അറബ് നാഷനൽ ബാങ്കിന്റെ (എ.എൻ.ബി) റിവാർഡ്സ് പ്രോഗ്രാം ആനുകൂല്യങ്ങൾ ഇനി ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കും ലഭ്യമാകും. റിവാർഡ്സ് പ്രോഗ്രാം പങ്കാളിത്തം വിപുലീകരിക്കുന്നതിന്റെ ഭാഗമായി എ.എൻ.ബിയും പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ലുലു സൗദി ഹൈപ്പർമാർക്കറ്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഇതുവഴി എ.എൻ.ബി കാർഡ് ഉടമകൾക്ക് തങ്ങളുടെ റിവാർഡ് പോയിൻറുകൾ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിൽ ഷോപ്പിങ്ങിനായി നേരിട്ട് ഉപയോഗിക്കാനും, കൂടുതൽ ലാഭകരവും സുഗമവുമായ ഷോപ്പിങ് അനുഭവം നേടാനും സാധിക്കും. ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും, അറബ് നാഷനൽ ബാങ്ക് ഡെപ്യൂട്ടി ചീഫ് റീട്ടെയിൽ ബാങ്ക് ഓഫീസർ ഒത്മാൻ കെ. ബാദറും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ചടങ്ങിൽ എ.എൻ.ബി ലോയൽറ്റി ആൻഡ് പാർട്ട്ണർഷിപ്പ് ഹെഡ് അബ്ദുൽ വഹാബ് എ. അൽ തുവൈജിരി, സീനിയർ ഓഫീസർ സാറ എ. അൽ ബേഷർ എന്നിവരും പങ്കെടുത്തു.
അറബ് നാഷനൽ ബാങ്കുമായുള്ള സഹകരണത്തിൽ സന്തോഷമുണ്ടെന്നും, ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിൽ കൂടുതൽ മൂല്യം ഉറപ്പാക്കാനുള്ള ലുലുവിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ലുലു സൗദി ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. പ്രമുഖ റീട്ടെയിൽ ശൃംഖലയുമായി കൈകോർക്കുന്നതിലൂടെ ബാങ്കിെൻറ ലോയൽറ്റി പ്രോഗ്രാമുകൾ കൂടുതൽ ശക്തമാക്കുകയാണ് എ.എൻ.ബി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.