വാർഷിക ക്രൗൺ പ്രിൻസ് രക്തദാന കാമ്പയിന്റെ ഭാഗമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രക്തം ദാനം ചെയ്യുന്നു
റിയാദ്: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും രക്തദാനം ചെയ്യാൻ മുൻകൈയെടുക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിൽ വാർഷിക 'ക്രൗൺ പ്രിൻസ് രക്തദാന കാമ്പയിൻ' ആരംഭിച്ചു. മാതൃകയായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രക്തം ദാനം ചെയ്തു. ‘ഒരാളുടെ ജീവൻ രക്ഷിക്കുന്നവൻ മനുഷ്യവർഗത്തെ മുഴുവൻ രക്ഷിച്ചതിന് തുല്യമാണ്’ എന്ന ദൈവിക വചനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രക്തദാനത്തിനുള്ള സമൂഹപങ്കാളിത്തം വർധിപ്പിക്കുന്നതിനും സ്വമേധയാ ദാനം നൽകുന്ന സംസ്കാരം ഏകീകരിക്കുന്നതിനും ആരോഗ്യ മേഖലയിലെ ദേശീയ ശ്രമങ്ങളെ പിന്തുണക്കുന്നതിനുമുള്ള താൽപര്യം ഊട്ടിയുറപ്പിക്കുന്നതിനാണ് കാമ്പയിൻ.
ആരോഗ്യകരവും സംയോജിതവുമായ ജീവിതം ആസ്വദിക്കുന്ന ഊർജസ്വലമായ ഒരു സമൂഹം എന്ന രാജ്യത്തിന്റെ വിഷൻ 2030 ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും എല്ലാ ദാതാക്കളുടെയും സ്വമേധയായുള്ള രക്തദാന നിരക്ക് 100 ശതമാന ആക്കുന്നതിനുമാണ് ഇത്. വിവിധ മേഖലകളിൽ ഭരണകൂടം നടത്തുന്ന ഉദാത്തമായ മാനുഷിക നിലപാടുകളുടെ വിപുലീകരണ പദ്ധതിയായ രക്തദാന കാമ്പയിനിൽ 2024ൽ രക്തദാതാക്കളുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞതായാണ് കണക്ക്.
വർഷം തോറും നടക്കുന്ന ‘ക്രൗൺ പ്രിൻസ് രക്തദാന കാമ്പയിൻ’ ആരംഭിച്ചതിലൂടെ രക്തദാനത്തിനും മാനുഷിക പ്രവർത്തനങ്ങൾക്ക് പരിധിയില്ലാത്ത പിന്തുണക്കും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് ആരോഗ്യമന്ത്രി ഫഹദ് അൽജലാജൽ നന്ദിയും കടപ്പാടും അറിയിച്ചു.
ദാന സംസ്കാരവും സമൂഹ ഐക്യദാർഢ്യവും പ്രോത്സാഹിപ്പിക്കുന്നതിനും സ്വമേധയാ രക്തദാന നിരക്ക് മൊത്തം ദാതാക്കളുടെ എണ്ണത്തിന്റെ 100 ശതമാനം ആക്കുന്നതിനുമുള്ള ഉറച്ച പ്രതിബദ്ധതയാണ് ഈ സംരംഭം ഉൾക്കൊള്ളുന്നത്. രക്ത വിതരണത്തിന്റെ സുസ്ഥിരതക്കും ആരോഗ്യ മേഖലയെ പിന്തുണക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നു. മനുഷ്യന്റെ ആരോഗ്യം പരിപാലിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ഉറച്ച സമീപനത്തെ പ്രതിഫലിപ്പിക്കുന്ന മാനുഷിക സംരംഭങ്ങളുടെ വിപുലീകരണമാണ് ഈ സംരംഭമെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു.
രക്തബാങ്കുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ കിരീടാവകാശിയുടെ സംരംഭം പ്രചോദനാത്മകമായ ഒരു മാതൃകയാണ്. ആരോഗ്യ സന്നദ്ധസേവനത്തിന്റെ ആശയങ്ങൾ ഏകീകരിക്കുന്നതിനും സൗദിയുടെ വിവിധ പ്രദേശങ്ങളിലെ രോഗികൾക്ക് രക്തവും അതിന്റെ ഘടകങ്ങളും നൽകുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ അംഗങ്ങളോടും രക്തം ദാനം ചെയ്യാൻ ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തു. ഇത് സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ആരോഗ്യ സംവിധാനത്തെ പിന്തുണക്കുന്നതിൽ അവരുടെ സജീവ പങ്കിന്റെയും ഭാഗമാണ്. മനുഷ്യത്വപരമായ ദാനത്തിന്റെ ഏറ്റവും ഉദാത്തമായ രൂപങ്ങളിലൊന്നാണ് രക്തദാനം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രോഗികളുടെയും പരിക്കേറ്റവരുടെയും ജീവൻ രക്ഷിക്കുന്നതിനും സമഗ്രമായ ആരോഗ്യ സംരക്ഷണം നൽകുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംരംഭത്തെ വിവിധ മേഖല ഗവർണർമാരും ഡെപ്യൂട്ടി ഗവർണർമാരും മന്ത്രിമാരും പ്രശംസിച്ചു. മാനുഷിക പ്രവർത്തനങ്ങളോടുള്ള കിരീടാവകാശിയുടെ പ്രത്യേക ശ്രദ്ധയെയും സമൂഹത്തിൽ ഐക്യദാർഢ്യത്തിന്റെയും ദാനത്തിന്റെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും സംരംഭം പ്രതിഫലിപ്പിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.