ദമ്മാം: വെള്ളിയാഴ്ച രാത്രി 8.30-ന് ദമ്മാമിൽനിന്ന് ബംഗളുരുവിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 484 വിമാനം ശനിയാഴ്ചയും പുറപ്പെട്ടില്ല. ഉംറ വിസയിൽ വന്ന് നാട്ടിലേക്ക് മടങ്ങുന്ന നൂറിലധികം യാത്രക്കാരാണ് ഇതിലൂടെ ദുരിതത്തിൽപ്പെട്ടത്. കൈക്കുഞ്ഞുങ്ങളും കുട്ടികളും വൃദ്ധരും ഗർഭിണികളും രോഗികളും വിൽചെയറിൽ സഞ്ചരിക്കുന്നവരും ഉൾപ്പെടെയുള്ള യാത്രക്കാർ തലചായ്ക്കാൻ പോലുമാവാതെ വിമാനത്താവളത്തിൽ കുടുങ്ങി. വെള്ളിയാഴ്ച കൃത്യസമയത്ത് തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി യാത്രക്കാരെ കയറ്റിയ വിമാനം ടേക് ഓഫിനായി റൺവേയിലുടെ അതിവേഗം നീങ്ങുന്നതിനിടയിൽ പെട്ടെന്ന് നിർത്തുകയായിരുന്നു.
സാങ്കേതിക തകരാറാണെന്നും ഉടൻ പരിഹരിച്ച് യാത്ര പുറപ്പെടുമെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചു. എന്നാൽ മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം വെള്ളിയാഴ്ച യാത്ര പുറപ്പെടാനാകില്ലെന്നറിയിച്ച് യാത്രക്കാരെ തിരികെ ടെർമിനലിലേക്ക് എത്തിച്ചു. 170-ഓളം യാത്രക്കാരിൽ നൂറിലധികമാളുകൾ ഉംറ വിസയിലെത്തി നാട്ടിലേക്ക് മടങ്ങുന്നവരായിരുന്നു.
ഇവരെ വിമാനത്താവളത്തിൽനിന്ന് പറത്തേക്കുവിടാൻ കഴിയാത്തതിനാൽ ബാക്കിയുള്ളവർക്ക് ഹോട്ടൽ സൗകര്യം ഏർപ്പെടുത്തി. ശേഷം നൂറിലധികം യാത്രക്കാരെ പുലർച്ച മൂന്നോടെ എയർപ്പോർട്ടിലെ ഒരു ഹാളിലേക്ക് മാറ്റി. അതിന് ശേഷമാണ് ഇവർക്ക് ഭക്ഷണം ലഭിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ വിമാനത്താവളത്തിൽ എത്തിയവരാണ് രണ്ട് ദിവസത്തോളം ഇത്തരമൊരു ദുരിതത്തിൽ അകപ്പെട്ടത്.
ശനിയാഴ്ച ഉച്ചക്ക് 1.30-ഓടെ തകരാർ പരിഹരിച്ച വിമാനം പുറപ്പെടുന്നു എന്നറിയിച്ച് ഹോട്ടലിൽ നിന്നുള്ളവരുൾപ്പെടെ യാത്രക്കാരെ വീണ്ടും വിമാനത്തിൽ കയറ്റി. എന്നാൽ കഴിഞ്ഞ ദിവസത്തേതുപോലെ തന്നെ റൺവേയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനം വീണ്ടും നിന്നു. വീണ്ടും ടെർമിനലിലേക്ക് മാറ്റി. അപ്രതീക്ഷിതമായാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതെന്നും യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകിയെന്നും എയർ ഇന്ത്യാ അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
യാത്ര മുടങ്ങിയാൽ ‘എയർ ഹെൽപ്’ എന്ന വെബ്സൈറ്റിൽ നഷ്ടപരിഹാരത്തിനായി യാത്രക്കാർക്ക് അപേക്ഷിക്കാനാവും. ഒരു യാത്രക്കാരൻ അതിന് ശ്രമിച്ചപ്പോൾ ഈ വിമാനം ദമ്മാമിൽനിന്ന് പുറപ്പെട്ട് ബംഗളൂരുവിൽ ഇറങ്ങിയതായാണ് കാണിക്കുന്നത്.
ആളുകൾ കുടുങ്ങിക്കിടക്കുന്നതറിഞ്ഞ് വിമാനത്താവളത്തിൽ ബന്ധപ്പെട്ടപ്പോഴും ഇങ്ങനെ ഒരു വിമാനം പുറപ്പെടാതെ ദമ്മാമിൽ കുടുങ്ങിയിട്ടില്ലെന്നാണ് ആദ്യം മറുപടി ലഭിച്ചത്.
ശനിയാഴ്ച രാത്രി 8.30-ന് യാത്രക്കാരെ അയക്കാമെന്നാണ് അവസാനമായി അധികൃതർ അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.