പ്രതിഷേധവുമായി അറബ്-ഇസ്‌ലാമിക ലോകം; സൗദിക്ക് പൂർണ പിന്തുണ
മക്ക: കഴിഞ്ഞ ദിവസം മക്കയെ ലക്ഷ്യമിട്ടുണ്ടായ ഹൂതികളുടെ ഡ്രോൺ ആക്രമണശ്രമത്തിനെതിരെ അറബ്, ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നും വിവിധ അന്താരാഷ്ട്ര സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നു. മക്കയെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആവർത്തിച്ചുള്ള പ്രകോപനങ്ങളെ തള്ളിക്കളഞ്ഞും അപലപിച്ചും നിരവധി രാഷ്ട്രങ്ങൾ രംഗത്തെത്തി.
ജി.സി.സി കൗൺസിൽ, ഒ.ഐ.സി, അറബ് ലീഗ്, മുസ്‌ലിം വേൾഡ് ലീഗ്, അൽ അസ്ഹർ യൂനിവേഴ്‌സിറ്റി എന്നിവയ്ക്കു പുറമേ പ്രമുഖ അറബ്-ഇസ്‌ലാമിക രാജ്യങ്ങളും സൗദി അറേബ്യയ്ക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
വിവിധ രാജ്യങ്ങളുടെ പ്രതികരണങ്ങൾ:
ഈജിപ്ത്: വിശുദ്ധ മക്ക നഗരത്തെ ലക്ഷ്യമിട്ടുണ്ടായ ഹീനമായ ശ്രമത്തെ ഈജിപ്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ ഇസ്‌ലാമിക മൂല്യങ്ങൾക്ക് നിരക്കാത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്. അറബ്-ഈജിപ്ഷ്യൻ ദേശീയ സുരക്ഷയുമായി ചേർന്നുനിൽക്കുന്ന സൗദിയുടെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ഈജിപ്തിെൻറ പൂർണ പിന്തുണയുണ്ടാകും.
സിറിയ: മുസ്‌ലിംകളുടെ ഖിബ്‌ലയായ മക്കയുടെയും തീർഥാടകരുടെയും സുരക്ഷ അപകടത്തിലാക്കുന്ന നടപടി ലോകമെമ്പാടുമുള്ള വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് സിറിയ വ്യക്തമാക്കി. വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത തകർക്കുന്ന ഇത്തരം നീക്കങ്ങളെ അംഗീകരിക്കാനാവില്ല.
അൾജീരിയ: വിശുദ്ധ കേന്ദ്രങ്ങൾക്കെതിരെയുള്ള അതിക്രമം അതിഗുരുതരമാണെന്നും അടിയന്തരമായി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അൾജീരിയ ആവശ്യപ്പെട്ടു. ഇത്തരം പ്രകോപനങ്ങൾ മേഖലയിൽ പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, സൗദിയുടെ സ്ഥിരതയും ദേശീയ പരമാധികാരവും സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും അൾജീരിയ കൂട്ടിച്ചേർത്തു.
ജോർഡാൻ: സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അഖണ്ഡതയ്‌ക്കെതിരെയുള്ള ഭീഷണിയുമായാണ് സംഭവത്തെ ജോർഡാൻ വിശേഷിപ്പിച്ചത്. മക്കയുടെ പവിത്രതയെ ലഘൂകരിക്കുന്ന ഇത്തരമൊരു ആക്രമണശ്രമം തികച്ചും അംഗീകരിക്കാനാവാത്തതാണ്.
ലിബിയ: ലോക മുസ്‌ലിംകളുടെ വിശ്വാസകേന്ദ്രമായ മക്കയുടെ പവിത്രതയ്ക്ക് കോട്ടം വരുത്തുന്ന ഏത് ശ്രമത്തെയും എതിർക്കുമെന്ന് ലിബിയ വ്യക്തമാക്കി. ഇരുഹറമുകളുടെയും പൗരന്മാരുടെയും സംരക്ഷണം ഉറപ്പാക്കാൻ സൗദി സ്വീകരിക്കുന്ന ഏത് നടപടിക്കും ലിബിയയുടെ പിന്തുണയുണ്ടാകും.
ലബനാൻ: മക്കയെ ലക്ഷ്യമിട്ടുള്ള ആക്രമണം സൗദിക്കെതിരെ മാത്രമല്ല, രണ്ട് ശതകോടിയോളം വരുന്ന മുസ്‌ലിംകളുടെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ലബനാൻ പ്രസിഡൻറ് ജനറൽ ജോസഫ് ഔൺ പറഞ്ഞു. ആക്രമണത്തെ സമയോചിതമായി ചെറുത്തുതോൽപ്പിച്ച സൗദി സായുധ സേനയുടെ ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു.
ഫലസ്തീൻ: സൗദിയുടെയും വിശുദ്ധ ഹറമുകളുടെയും സുരക്ഷ അറബ്-ഇസ്‌ലാമിക ലോകത്തിെൻറ ദേശീയ സുരക്ഷയുടെ ഭാഗമാണെന്നും അത് ലംഘിക്കാനാവാത്ത ‘ചുവപ്പു വര’യാണെന്നും ഫലസ്തീൻ പ്രസിഡൻസി വ്യക്തമാക്കി. സൗദിയുടെ സ്ഥിരത തകർക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും പ്രതിരോധിക്കാൻ സൗദിക്കൊപ്പം നിലകൊള്ളുമെന്ന് ഫലസ്തീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.