ഒറ്റ ഹൃദയത്തിൽ രണ്ടു കുരുന്നുകൾക്ക് പുതുജീവൻ; ചരിത്ര നേട്ടവുമായി റിയാദ് കിങ് ഫൈസൽ ആശുപത്രി
അൽ ഖോബാർ: ഒരു ദാതാവിെൻറ ഹൃദയം ഉപയോഗിച്ച് രണ്ട് കുട്ടികൾക്ക് വിജയകരമായി പുതുജീവൻ നൽകി റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി ലോക മെഡിക്കൽ രംഗത്ത് ചരിത്രം കുറിച്ചു. ‘പീഡിയാട്രിക് ഡോമിനോ ട്രാൻസ്പ്ലാൻറ്’ എന്ന അതീവ സങ്കീർണമായ ചികിത്സാ രീതിയിലൂടെയാണ് ഈ അപൂർവ നേട്ടം സാധ്യമാക്കിയത്.
അവസാനഘട്ട ഹൃദയസ്തംഭനവും ഹൃദയപേശികൾ വികസിച്ച് ദുർബലമാകുന്ന അസുഖവും ബാധിച്ച് ആറാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞ 12 വയസ്സുകാരനാണ് ദാതാവിെൻറ ഹൃദയം മാറ്റിവെച്ചത്. ഈ കുട്ടിയുടെ ഹൃദയം പൂർണമായി മാറ്റേണ്ടിവന്നുവെങ്കിലും, അതിലെ പൾമണറി വാൽവും വേരുഭാഗവും പൂർണാരോഗ്യത്തോടെ നിലനിന്നിരുന്നു.
തുടർന്ന്, ഹൃദയത്തിലെ വാൽവിന് ഗുരുതരമായ ചുരുക്കവും ചോർച്ചയും അനുഭവപ്പെട്ടിരുന്ന ഒൻപത് വയസ്സുകാരന് ‘റോസ് പ്രോസീജർ’ എന്ന സങ്കീർണ ശസ്ത്രക്രിയ നടത്തി. മുൻപ് രണ്ടുതവണ വാൽവ് പുനരുദ്ധാരണത്തിന് വിധേയനായ ഈ കുട്ടിയുടെ കേടായ അയോർട്ടിക് വാൽവിന് പകരം സ്വന്തം പൾമണറി വാൽവ് മാറ്റിസ്ഥാപിക്കുകയും, ആ സ്ഥാനത്ത് ആദ്യ കുട്ടിയുടെ ഹൃദയത്തിൽ നിന്ന് നീക്കം ചെയ്ത നല്ല വാൽവ് ഘടിപ്പിക്കുകയുമായിരുന്നു.
ഇതിലൂടെ ആദ്യ കുട്ടി പുതിയ ഹൃദയം സ്വീകരിക്കുന്നതോടൊപ്പം തന്നെ രണ്ടാമത്തെ കുട്ടിക്ക് ടിഷ്യൂ ദാതാവാകുകയും ചെയ്തു. കൃത്രിമ വാൽവുകൾ വെച്ചുപിടിപ്പിച്ചാൽ കുട്ടി വളരുന്നതിനനുസരിച്ച് അവ വളരില്ല. എന്നാൽ ജീവിച്ചിരിക്കുന്ന കോശങ്ങളാൽ നിർമിതമായ ഈ വാൽവ്, കുട്ടി വളരുന്നതിനനുസരിച്ച് വളരുമെന്നതിനാൽ ഭാവിയിൽ വീണ്ടും വാൽവ് മാറ്റിവെക്കേണ്ട സാഹചര്യങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
കുട്ടികളിൽ നടത്തുന്ന ഭാഗിക ഹൃദയമാറ്റ ശസ്ത്രക്രിയകളിൽ ഏറ്റവും അപൂർവമായ രീതിയാണിതെന്ന് ആശുപത്രിയിലെ ഹൃദയ മികവിെൻറ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹാനി അൽസെർഗാനി പറഞ്ഞു.
ഹൃദയമാറ്റ വിദഗ്ധർ, ശിശു ഹൃദയ ശസ്ത്രക്രിയ വിദഗ്ധർ, പീഡിയാട്രിക് കാർഡിയോളജിസ്റ്റുകൾ, അനസ്‌തീഷ്യ വിദഗ്ധർ തുടങ്ങിയ വൻ മെഡിക്കൽ സംഘത്തിെൻറ കൂട്ടായ പ്രവർത്തനമാണ് ഈ ദൗത്യം വിജയത്തിലെത്തിച്ചത്. ലോകത്തെ മികച്ച 250 അക്കാദമിക് മെഡിക്കൽ കേന്ദ്രങ്ങളുടെ പട്ടികയിൽ പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 12-ാം സ്ഥാനത്തുമാണ് റിയാദ് കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയും ഗവേഷണ കേന്ദ്രവും നിലകൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.