ഹാഇലിലെ അജാ പർവതനിരകളിൽ കാലം കൊത്തിയെടുത്ത ‘അബുൽ ഹൗൾ’ പർവതാഗ്രം
ഹാഇൽ: സൗദി അറേബ്യയിലെ ഹാഇൽ മേഖലയിലുള്ള അജാ പർവതനിരകളിലെ ‘അബുൽ ഹൗൾ’ പർവതം പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ശ്രദ്ധ നേടുന്നു. പ്രകൃതിദത്തമായി രൂപപ്പെട്ട ഈ അപൂർവ ഭൗമപ്രതിഭാസം കാണാൻ നിരവധിയാളുകളാണ് പ്രദേശത്തേക്ക് എത്തുന്നത്.
മേഖലയിലെ അബാ അൽ ഹിറാൻ ഗ്രാമത്തിന് തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ പാറക്കെട്ട്, ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന സ്വാഭാവിക പ്രകൃതിക്ഷയം മൂലം മനുഷ്യതലയുടെ ആകൃതിയിലാണ് രൂപപ്പെട്ടിരിക്കുന്നത്. ദീർഘകാലമായുള്ള ഭൗതിക-രാസ അക്ഷയങ്ങളും മഴയും ഈർപ്പവും തമ്മിലുള്ള സമ്പർക്കവുമാണ് ഇതിനു ചുറ്റുമുള്ള വൈവിധ്യമാർന്ന പാറാരൂപീകരണങ്ങൾക്ക് കാരണമായതെന്ന് പുരാതന ചരിത്ര-ജ്യോതിശാസ്ത്ര ഗവേഷകനായ മിഷാരി അൽ നഷ്മി വ്യക്തമാക്കി. വീക്ഷണകോണുകൾ മാറുന്നതിനനുസരിച്ച് വ്യത്യസ്ത കാഴ്ചാനുഭവം സമ്മാനിക്കുന്ന അപൂർവ ഭൂവിജ്ഞാനീയ ദൃശ്യങ്ങളാണ് ഈ പ്രദേശത്തിെൻറ പ്രധാന സവിശേഷതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈജിപ്ഷ്യൻ, ഗ്രീക്ക് പൗരാണിക സംസ്കാരങ്ങളിൽ കാണപ്പെടുന്ന മനുഷ്യെൻറ തലയും സിംഹത്തിന്റെ ശരീരവുമുള്ള ‘സ്ഫിങ്ക്സ്’ എന്ന സാങ്കൽപ്പിക ജീവിയെ അനുസ്മരിപ്പിക്കുന്നതാണ് അജാ പർവതനിരകളിലെ ഈ പ്രകൃതി ശിൽപം.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്ഫിങ്ക്സ് പ്രതിമ ഈജിപ്തിലെ ഗീസയിലെ പിരമിഡുകൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ബി.സി. 2500-ൽ ഒറ്റ വലിയ ചുണ്ണാമ്പുകല്ലിൽ കൊത്തിയെടുത്തതാണ് ഈ ഭീമാകാരമായ പ്രതിമ. ഈ ഈജിപ്ഷ്യൻ വിസ്മയത്തിന് സമാനമായ രൂപഭംഗിയാണ് പ്രകൃതി കൊത്തിയെടുത്ത ഹാഇലിലെ ഗിരിശൃംഗത്തിനും ഉള്ളത്.
ഭൂഗർഭശാസ്ത്രപരമായ സവിശേഷതകളാൽ സമ്പന്നമായ ഈ പ്രകൃതിദത്ത പ്രദേശം, പാറക്കെട്ടുകളെക്കുറിച്ചും ഭൗമശാസ്ത്രത്തെക്കുറിച്ചും പഠിക്കാൻ താല്പര്യമുള്ളവർക്കും ഹാഇൽ സന്ദർശിക്കുന്ന സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.