റിയാദ്: ഗുരുതര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവിന് പ്രവാസി സംഘടനകളുടെയും മനുഷ്യസ്നേഹികളുടെയും കാരുണ്യ സ്പർശം. കൊല്ലം ഓയൂർ സ്വദേശിയായ മുഹമ്മദ് യാസീൻ (24) ആണ് പ്രവാസി സമൂഹത്തിെൻറ ഇടപെടലിലൂടെ തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നത്.
റിയാദിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള മുസാഹ്മിയയിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന യാസീന് തലച്ചോറിലുണ്ടായ അണുബാധയെത്തുടർന്നാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് മുസാഹ്മിയ ജനറൽ ആശുപത്രിയിലും പിന്നീട് റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിലും പ്രവേശിപ്പിച്ചു. വെൻറിലേറ്റർ, ഐ.സി.യു, ഐസൊലേഷൻ വാർഡ് എന്നിവിടങ്ങളിലായി ചികിത്സയിലായിരുന്ന യാസീൻ കഴിഞ്ഞ രണ്ടര മാസത്തോളമായി പൂർണമായും അബോധാവസ്ഥയിലായിരുന്നു.
നിലവിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്ന്, നാട്ടിലെത്തിച്ച് തുടർചികിത്സ നൽകാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ യാസീനെ നാട്ടിലെത്തിക്കാൻ മുസാഹ്മിയയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ഇതിനായി പ്രത്യേക കോഓഡിനേഷൻ കമ്മിറ്റിയും ‘യാസീൻ സഹായ സമിതി'യും രൂപവത്കരിച്ച് ആവശ്യമായ ഫണ്ട് സമാഹരിച്ചു. നാട്ടിലേക്കുള്ള യാത്രക്കുളള മുഴുവൻ നടപടികളും പൂർത്തിയാക്കിയ സംഘം, ശനിയാഴ്ച റിയാദിൽ നിന്ന് കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ യാസീനെ നാട്ടിലേക്ക് അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.