സൗദിയിൽ വ്യാജ ലോൺ ആപ്പുകൾ വഴി തട്ടിപ്പ്: ജാഗ്രതാ നിർദേശവുമായി മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ്
റിയാദ്: വ്യാജ ആപ്പുകൾ വഴിയും പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകൾ വഴിയും സൗദിയിലെ പ്രവാസികളിൽനിന്ന് ലക്ഷക്കണക്കിന് റിയാൽ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നതായി മുന്നറിയിപ്പ്. മലയാളി സംഘങ്ങൾ തന്നെയാണ് ഇത്തരം സാമ്പത്തിക ചതിക്കുഴികൾക്ക് പിന്നിലെന്നത് ഞെട്ടലുളവാക്കുന്നതാണെന്ന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായ്പ നൽകാമെന്ന പേരിൽ സ്വന്തം നാട്ടുകാർ തന്നെ നടത്തുന്ന ഇത്തരം തട്ടിപ്പുകളിൽ പെട്ട് പ്രവാസികൾക്ക് വൻ തുക നഷ്ടപ്പെടുന്നു. പണം പോയതിെൻറ കടുത്ത മാനസിക വിഷമത്തിൽ ജീവനൊടുക്കുന്ന ദാരുണ സംഭവങ്ങൾ വരെയുണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. അടുത്തിടെ വ്യാജ വായ്പാ തട്ടിപ്പിനിരയായി സാമ്പത്തിക ബാധ്യതയിലായ ഒരു മലയാളി റിയാദിൽ ജീവനൊടുക്കിയിരുന്നു.
ഇത് പ്രവാസി സമൂഹത്തെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സംഭവത്തിൽ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും, നിലവിൽ പരേതെൻറ മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള മരണാനന്തര നടപടിക്രമങ്ങൾ കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. ഇത്തരത്തിലുള്ള ദാരുണമായ സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് വെൽഫെയർ വിങ് അഭ്യർത്ഥിച്ചു.
നിലവിലുള്ള പ്രമുഖ കമ്പനികളുടെയും ബാങ്കുകളുടെയും ഔദ്യോഗിക വെബ്സൈറ്റുകളോട് കൃത്യമായി സാമ്യമുള്ള വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിച്ചും വ്യാജ ആപ്പുകൾ ഉപയോഗിച്ചുമാണ് ഈ മലയാളി തട്ടിപ്പുസംഘങ്ങൾ ആളുകളെ വലയിലാക്കുന്നത്. പ്രമുഖ ബിസിനസ് ഓഫീസുകളുടെ പരിസരങ്ങളിൽ വെച്ച് ചിത്രീകരിച്ച വീഡിയോകളും ചിത്രങ്ങളും അയച്ചുനൽകി, ഇത് തങ്ങളുടെ സ്ഥാപനമാണെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പ്രവാസികളുടെ വിശ്വാസ്യത നേടിയെടുക്കുന്നത്.
തുടർന്ന് പ്രോസസിങ് ഫീസെന്നും ഇതര ചാർജുകളെന്നും പറഞ്ഞ് മുൻകൂറായി പണം കൈപ്പറ്റുന്നു. പണം അടച്ചതിന് ശേഷം ഇവരുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ മറുപടി ലഭിക്കാതിരിക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്യുമ്പോഴാണ് പലരും തട്ടിപ്പിനിരയായ വിവരം തിരിച്ചറിയുന്നത്.ഇതിനുപുറമെ, സോഷ്യൽ മീഡിയകളിൽ കാണുന്ന ആകർഷകമായ വ്യാജ പരസ്യങ്ങളിലും വ്യാജ വെബ്സൈറ്റുകളിലും വിശ്വസിച്ച് ബാങ്ക് വിവരങ്ങൾ നൽകുന്നതിലൂടെ പണം നഷ്ടപ്പെടുന്ന സംഭവങ്ങളും നിരവധിയാണ്.
ബാങ്കുകളിൽനിന്ന് വിളിക്കുകയാണെന്ന് വ്യാജേന വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ ഒ.ടി.പിയും എ.ടി.എം കാർഡ് വിവരങ്ങളും ചോർത്തിയെടുത്ത് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന രീതിയും സജീവമാണ്. അതിനാൽ അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ഇഖാമ നമ്പർ, ബാങ്ക് അക്കൗണ്ട്/എ.ടി.എം വിവരങ്ങൾ, വൺ ടൈം പാസ്വേർഡ് എന്നിവ യാതൊരു കാരണവശാലും അപരിചിതർക്ക് കൈമാറരുതെന്നും വെൽഫെയർ വിങ് മുന്നറിയിപ്പ് നൽകുന്നു.
സൗദി അറേബ്യൻ സാമ്പത്തിക കാര്യ മന്ത്രാലയത്തിെൻറയും ‘സാമ’യുടെയും ബാങ്കുകളുടെയും അംഗീകാരമില്ലാത്ത ഒരു സ്ഥാപനവുമായും സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്നും വെബ്സൈറ്റുകൾ കൃത്യമായി പരിശോധിക്കണമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
തട്ടിപ്പിൽ പെടുകയോ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം മാനസിക സംഘർഷം അനുഭവിക്കുകയോ ചെയ്യുന്നവർ പ്രത്യാശ കൈവിടാതെ എത്രയും വേഗം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കെ.എം.സി.സി വെൽഫെയർ വിങ് പ്രതിനിധികളെയോ ബന്ധപ്പെടേണ്ടതാണ്. അടിയന്തര സഹായങ്ങൾക്കും നിയമപരമായ മാർഗനിർദ്ദേശങ്ങൾക്കുമായി വെൽഫെയർ വിങ് പ്രവർത്തകർ സദാ സന്നദ്ധരാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.