ത്വാഇഫ് മേഖലയുടെ വിവിധ കാഴ്ചകൾ
പ്രകൃതിരമണീയമായ ത്വാഇഫ്: സമഗ്ര ആരോഗ്യ ടൂറിസത്തിെൻറ പുതിയ ആഗോളകേന്ദ്രം
ത്വാഇഫ്: സൗദി അറേബ്യയിലെ മനോഹരമായ മലനിരകളും ഹരിതാഭമായ താഴ്വരകളും നിറഞ്ഞ ത്വാഇഫ് നഗരം, സമഗ്രമായ ആരോഗ്യ വിനോദസഞ്ചാര (വെൽനസ് ടൂറിസം) കേന്ദ്രമെന്ന നിലയിൽ ആഗോളതലത്തിൽ ശ്രദ്ധേയമാകുന്നു. ലോകാരോഗ്യ സംഘടനയുടെ ‘ഹെൽത്ത് സിറ്റി’ അംഗീകാരം തുടർച്ചയായി രണ്ടുതവണ സ്വന്തമാക്കുന്ന ആദ്യ സൗദി നഗരമെന്ന നേട്ടവും ഇതിനകം ത്വാഇഫ് സ്വന്തമാക്കിയിട്ടുണ്ട്.
പരിസ്ഥിതി, ആരോഗ്യ സേവനങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി, സാമൂഹിക ഇടപെടൽ തുടങ്ങിയ 80-ലധികം കർശന മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ലോകാരോഗ്യ സംഘടന ത്വാഇഫിന് ഈ അംഗീകാരം നൽകിയത്. ഈ പദവിയിലൂടെ ഒരു മികച്ച ‘വെൽനസ് ഡെസ്റ്റിനേഷൻ’ എന്ന നിലയിൽ പ്രദേശത്തിെൻറ ടൂറിസം സാധ്യതകൾ കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്.
പ്രദേശത്തെ വിവിധ വനമേഖലകൾ, മനോഹരമായ വ്യൂ പോയിൻറുകൾ, റിസോർട്ടുകൾ, റെസ്റ്റോറൻറുകൾ, കഫേകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം നിലവിൽ ആരോഗ്യ-പ്രകൃതി അധിഷ്ഠിത ടൂറിസം രീതികളാണ് അധികൃതർ നടപ്പാക്കി വരുന്നത്. അൽ ശഫ, അൽ ഹദ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് നേരത്തെ തന്നെ രാജ്യത്തിനകത്തു നിന്നും ജി.സി.സി രാജ്യങ്ങളിൽ നിന്നും ധാരാളം സഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ പുതിയ മാറ്റങ്ങളോടെ ലോകത്തിെൻറ നാനാഭാഗങ്ങളിൽ നിന്നുള്ള വിദേശ സഞ്ചാരികളെയും ഈ പ്രകൃതി സൗന്ദര്യം ഇങ്ങോട്ട് ആകർഷിക്കുന്നുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അൽ ശഫ പർവതനിരകളിൽ മഴയും മൂടൽമഞ്ഞും നിറഞ്ഞ തണുത്ത വേനൽക്കാല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ടൂറിസം അധികൃതർ തങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ഇതിനെ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഈ കുളിർമയുള്ള മലനിരകളും പച്ചപ്പണിഞ്ഞ താഴ്വരകളും ശാന്തമായ അന്തരീക്ഷവും നഗരജീവിതത്തിലെ തിരക്കുകളിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർക്ക് മികച്ച യാത്രാനുഭവമാണ് സമ്മാനിക്കുന്നത്. നഗരത്തിെൻറ തണുത്ത കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും സമാധാനപരമായ അന്തരീക്ഷവും സന്ദർശകരിൽ ശാരീരികവും മാനസികവുമായ ഉന്മേഷം നിറയ്ക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.