ഒരു തെരഞ്ഞെടുപ്പ് കൂടി കടന്നു പോയി;  പ്രവാസിയുടെ വോട്ട് സ്വപ്നം ഇനിയും അകലെ

റിയാദ്: കത്തി നിന്ന ചൂടിലും അണയാത്ത ആവേശം നിറഞ്ഞു നിന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഒരു നിയമസഭ തെരഞ്ഞെടുപ്പിന്‍െറ കൂടി വിധി നിര്‍ണയം കഴിഞ്ഞു. സംസ്ഥാനം ആരു ഭരിക്കുമെന്ന് മേയ് 19ന് അറിയാം. നാട്ടിലെ ആരവങ്ങളും പ്രചാരണ കോലാഹലങ്ങളും നിസഹായരായി നോക്കി നിന്ന പ്രവാസികള്‍ ഇക്കുറിയും വോട്ട് ചെയ്തില്ല. തെരഞ്ഞെടുപ്പിന്‍െറ ബഹളങ്ങളില്‍ മുങ്ങാനും വോട്ടു ചെയ്യാനുമായി വലിയ തുക കൊടുത്ത് ടിക്കറ്റെടുത്ത് വിമാനം കയറിയ ചുരുക്കം ചിലരൊഴിച്ച് ലക്ഷക്കണക്കിന് പ്രവാസികള്‍ സ്വന്തം നാടിന്‍െറ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ കാഴ്ചക്കാരായി നിന്നു. കാലമേറെ മാറിയിട്ടും എല്ലാം വിരല്‍ തുമ്പില്‍ ലഭ്യമായിട്ടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും ചൂണ്ടു വിരലില്‍ മഷി പുരളാനുള്ള ഭാഗ്യം ഈ തെരഞ്ഞെടുപ്പിലും അവരില്‍ നിന്ന് അകന്നു നിന്നു. ഇനി എന്നാണ് ആ ദിനം വന്നണയുകയെന്ന് ഒരു നിശ്ചയവുമില്ല. പാര്‍ട്ടികളെമ്പാടുമുണ്ട് പ്രവാസികള്‍ക്കിടയില്‍. ശക്തമായ അനുയായി വൃന്ദവും കേരളത്തിലെ പാര്‍ട്ടികളുടെ പ്രധാന വരുമാന സ്രോതസുമാണവര്‍. നാട്ടില്‍ നിന്ന് വരുന്ന നേതാക്കളെ കനത്ത മടിശ്ശീലയുമായി സ്നേഹത്തോടെ അവര്‍ തിരിച്ചയക്കുന്നു. ഏത് നേതാവു വന്നാലും എല്ലാം മറന്ന് കൂടെ നില്‍ക്കുന്നു. എന്നിട്ടും പ്രവാസികള്‍ക്ക് വോട്ടവകാശം രേഖപ്പെടുത്താനുള്ള സംവിധാനമൊരുക്കാന്‍ മാത്രം ആരും മനസ്സുവെച്ചില്ല. എല്ലാ പാര്‍ട്ടികളും സൗകര്യപൂര്‍വം അത് മറന്നു. ഒടുവില്‍ യു.എ.ഇയില്‍ ആതുര സേവനം നടത്തുന്ന പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ഡോ. ഷംഷീര്‍ വയലില്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ട് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ഉത്തരവിട്ടതോടെയാണ് പ്രവാസികളുടെ തെരഞ്ഞെടുപ്പ് സ്വപ്നങ്ങള്‍ക്ക് ചിറകുവെച്ചത്. 
ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാമെന്ന മോഹവും കനം വെച്ചത് അങ്ങനെയാണ്. എന്നാല്‍, ഇത്തവണയും വോട്ടു ചെയ്യാനാവാതെ അവര്‍ വരമ്പത്തിരുന്നു. എന്നാലും പതിവുപോലെ തെരഞ്ഞെടുപ്പ് ചൂട് ഒട്ടും തണുക്കാതെ അവര്‍ സൂക്ഷിച്ചു. ഞരമ്പിലെ ചോരയോടൊപ്പം രാഷ്ട്രീയബോധവും ഒഴുകുന്നവര്‍ എല്ലാ പരിമിതികള്‍ക്കിടയിലും അത് പ്രകടിപ്പിച്ചു. തങ്ങളാലാവുന്ന രീതിയില്‍. അത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളായും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളായും ചര്‍ച്ചകളായും നോട്ടീസ് വിതരണമായുമൊക്കെ മലയാളി സമൂഹങ്ങളില്‍ നിറഞ്ഞു നിന്നു. വോട്ടു ചെയ്യാനാവാത്തതിലെ അമര്‍ഷം റിയാദിലെ മലയാളി സംഘടനകളുടെ പൊതു കൂട്ടായ്മ തീര്‍ത്തത് പ്രതീകാത്കമക വോട്ട് ചെയ്താണ്. പോളിങ് ബൂത്തും ടച്ച് സ്ക്രീനുമെല്ലാം ഒരുക്കി മലയാളികള്‍ വോട്ട് ചെയ്തു. വോട്ടില്ളെങ്കിലും അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ വാട്സ് ആപിലും ഫോണിലുമൊക്കെ പ്രവാസികളോട് വോട്ടര്‍ഭ്യഥിക്കുന്നതിന് ഒരു കുറവും വരുത്തിയില്ല. നാട്ടിലെ വോട്ടെങ്കിലും ഉറപ്പിക്കുന്നതിനായിരുന്നു ഹൈടെക് വോട്ടഭ്യര്‍ഥന. ആരവങ്ങളടങ്ങിയിരിക്കുന്നു. എന്നെങ്കിലും വോട്ടവകാശം വിനിയോഗിക്കാന്‍ വരി നില്‍ക്കുന്നതും സ്വപ്നം കണ്ട് പ്രവാസികള്‍ അടുത്ത തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നു. അടുത്ത തവണയെങ്കിലും ബാലറ്റ് കടല്‍ കടക്കുമെന്ന പ്രതീക്ഷയോടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.