ജിദ്ദ: ഏഷ്യൻ ഫുട്ബാൾ പ്രേമികൾ കാത്തിരിക്കുന്ന അണ്ടർ 23 ഏഷ്യൻ ഫെഡറേഷൻ കപ്പ് (എ.എഫ്.സി-23) ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് (ചൊവ്വ) സൗദി അറേബ്യയിൽ തുടക്കം കുറിക്കുന്നു. ജിദ്ദയിലും റിയാദിലുമായി നടക്കുന്ന ടൂർണമെൻറ് ഈ മാസം 24 വരെ നീണ്ടുനിൽക്കും. കിരീടത്തിനായി വൻകരയിലെ കരുത്തരായ 16 ടീമുകളാണ് ഇത്തവണ അണിനിരക്കുന്നത്.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി, അമീർ അബ്ദുല്ല അൽ ഫൈസൽ, റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ്, അൽ ഷബാബ് എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2.30-ന് ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എയിലെ വിയറ്റ്നാം, ജോർഡൻ ടീമുകളാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
ഇന്ന് തന്നെ വൈകീട്ട് ഏഴിന് ഗ്രൂപ്പ് എയിലെ തന്നെ ആതിഥേയരായ സൗദി അറേബ്യയും കിർഗിസ്ഥാനും തമ്മിലുള്ള രണ്ടാം മത്സരം ജിദ്ദ അമീർ അബ്ദുല്ല അൽ ഫൈസൽ സ്റ്റേഡിയത്തിലും നടക്കും.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ജപ്പാൻ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാനാണ് എത്തുന്നത്. രണ്ട് തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ് നിലവിൽ ജപ്പാന്റെ പേരിലാണ്. യോഗ്യതാ റൗണ്ടിൽ 11 ഗോളുകൾ അടിച്ചുകൂട്ടിയ ജപ്പാൻ കിരീടം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാൽ യോഗ്യതാ റൗണ്ടിൽ ഒരു ഗോൾ പോലും വഴങ്ങാത്ത പ്രതിരോധക്കരുത്തുമായാണ് ദക്ഷിണ കൊറിയ എത്തുന്നത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകാത്ത ഏക ടീമെന്ന റെക്കോഡും കൊറിയക്ക് സ്വന്തമാണ്.
യോഗ്യതാ മത്സരങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഗോളടിയിൽ ആസ്ട്രേലിയയാണ് (20 ഗോളുകൾ) മുന്നിൽ. തൊട്ടുപിന്നാലെ ജോർഡൻ (19), ഖത്തർ (17) എന്നീ ടീമുകളുമുണ്ട്.
അതേസമയം, ആക്രമണത്തേക്കാൾ പ്രതിരോധത്തിന് മുൻതൂക്കം നൽകുന്ന വിയറ്റ്നാം യോഗ്യതാ റൗണ്ടിൽ വെറും നാല് ഗോളുകൾ മാത്രമാണ് നേടിയതെങ്കിലും ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഫൈനൽ റൗണ്ടിലെത്തിയത്. സിറിയ, ഇറാൻ തുടങ്ങിയ ടീമുകളും മികച്ച പ്രകടനവുമായി യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയവരാണ്.
ടൂർണമെന്റിന്റെ ചരിത്രത്തിലാദ്യമായി കിർഗിസ്ഥാനും ലബനാനും ഇത്തവണ മാറ്റുരക്കുന്നു എന്നതാണ് ഈ എഡിഷന്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ തവണ ആദ്യമായി പങ്കെടുത്ത് നാലാം സ്ഥാനത്തെത്തിയ ഇന്തോനേഷ്യയുടെ നേട്ടം ആവർത്തിക്കാനാണ് ഈ പുതുമുഖ ടീമുകൾ ലക്ഷ്യമിടുന്നത്. ജിദ്ദയിലെ അമീർ അബ്ദുല്ല അൽ ഫൈസൽ സ്റ്റേഡിയത്തിലാണ് ടൂർണമെൻറിലെ നിർണായകമായ ഫൈനൽ മത്സരം നടക്കുക.
പശ്ചിമേഷ്യയുടെയും കിഴക്കൻ ഏഷ്യയുടെയും ഫുട്ബാൾ ആധിപത്യം തകർക്കാൻ ഇത്തവണ തെക്കുകിഴക്കൻ ഏഷ്യൻ ശക്തികളായ തായ്ലൻഡിനും വിയറ്റ്നാമിനും സാധിക്കുമോ എന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്. സൗദി അറേബ്യയുടെ മണ്ണിൽ ഏഷ്യയിലെ പുതിയ യുവരാജാക്കന്മാർ ആരാകുമെന്ന് അറിയാൻ ഇനി കുറഞ്ഞ ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.