സൈഫുന്നിസ
റിയാദ്: പ്രവാസത്തിന് വിരാമം കുറിച്ച് കാൽ നൂറ്റാണ്ടിന്റെ സ്മരണകളുമായി സൈഫുന്നീസ സിദ്ദീഖ് മടങ്ങുന്നു. റിയാദിലെ സാമൂഹിക-സംഘടന രംഗത്തെ സജീവ സാന്നിധ്യമായ സൈഫുന്നീസ 27 വർഷം നീണ്ട പ്രവാസമാണ് അവസാനിപ്പിക്കുന്നത്. ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന്റെ ഭാര്യയായ സൈഫുന്നീസ, 1999-ൽ റിയാദിലെത്തിയത് മുതൽ പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. നിലവിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വനിത വിങ് ട്രഷറർ, മലപ്പുറം ജില്ല പ്രവാസി കൂട്ടായ്മ വനിത വിഭാഗം പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു വരികയാണ്. സ്ത്രീ സാന്നിധ്യം പ്രവാസ ലോകത്ത് കുറവായിരുന്ന കാലത്ത് തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട ജീവകാരുണ്യ-സാമൂഹിക വിഷയങ്ങളിൽ സൈഫുന്നിസ സജീവമായി ഇടപെട്ടിരുന്നു.
ആതിഥ്യമര്യാദയുടെ പേരിൽ ശ്രദ്ധേയമായ സിദ്ദീഖ്-സൈഫുന്നീസ ദമ്പതികളുടെ റിയാദിലെ ‘കല്ലുപറമ്പൻ ഹൗസ്’, നിരവധി പ്രമുഖർക്ക് ആതിഥ്യമൊരുക്കിയിട്ടുണ്ട്. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ടി. സിദ്ദീഖ് എം.എൽ.എ, ആര്യാടൻ ഷൗക്കത്ത്, മഹിള കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, അന്തരിച്ച നേതാവ് വി.വി. പ്രകാശ്, വി.എസ്. ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം, കവി ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ നിരവധിയാളുകൾ ഈ വീടിന്റെ സൽക്കാരം സ്വീകരിച്ചവരാണ്.27 വർഷത്തെ പ്രവാസം തനിക്ക് സമ്മാനിച്ചത് വിലപ്പെട്ട അനുഭവങ്ങളും ഓർമകളുമാണെന്ന് സൈഫുന്നീസ പറയുന്നു. നഗരത്തിന്റെ വിപ്ലവകരമായ മാറ്റങ്ങൾക്കും സംഘടന രംഗത്തെ സ്ത്രീ മുന്നേറ്റങ്ങൾക്കും താൻ സാക്ഷിയായതായും അവർ ഓർമിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം നാട്ടിൽ സമയം ചെലവഴിക്കണമെന്ന ആഗ്രഹത്താലാണ് ഈ മടക്കമെങ്കിലും, പ്രവാസവുമായുള്ള ബന്ധം പൂർണമായും ഇവർ ഉപേക്ഷിക്കുന്നില്ല.
മക്കളായ മുഹമ്മദ് സിനാനും സിബിൽ സിദ്ദീഖും റിയാദിൽ ജോലി ചെയ്യുന്നുണ്ട്. തിരിച്ചെത്തിയാൽ റിയാദിലൊരിടം സൈഫാക്കിയാണ് സൈഫുന്നീസയുടെ തിരികെ യാത്ര. നാട്ടിലും പൊതുരംഗത്ത് സജീവമായി തുടരും. സൗദ് ബിൻ സിദ്ദീഖ്, സാൻബാർ ഹലീമ എന്നിവരാണ് മറ്റു മക്കൾ. മരുമക്കളായ അഫ്ര സിനാൻ, തസ്നീ ബാനു എന്നിവരെ റിയാദിലെ വീട് ഏൽപിച്ചാണ് സൈഫുന്നിസ സൗദിയോട് താത്കാലികമായി വിടപറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.