പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് ഫോറം പ്രവർത്തകർ അൽഖോർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ദഖീറ ബീച്ച് ശുചീകരിച്ചപ്പോൾ
ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അൽഖോർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തർ ദഖീറ ബീച്ച് പരിസരം ശുചീകരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും സെവൻസീസും സംയുക്തമായി ആരംഭിച്ച 'വൺ ടൈഡ്' പ്രോഗ്രാമിന് കീഴിലാണ് തീരശുചീകരണ പരിപാടി സംഘടിപ്പിച്ചത്.
പ്ലാസ്റ്റിക് വസ്തുക്കൾ, അലൂമിനിയം കാനുകൾ, കുപ്പികൾ, തടിക്കഷ്ണങ്ങൾ തുടങ്ങിയവയുൾപ്പെടെയുള്ള മാലിന്യങ്ങൾ പ്രദേശത്തുനിന്നും ശേഖരിച്ച് നീക്കം ചെയ്തു. ആരോഗ്യ-സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ അമ്പതോളം യൂത്ത് ഫോറം സന്നദ്ധ പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണത്തിലും പരിസര ശുചിത്വ-പരിപാലനത്തിലും പുതുതലമുറക്ക് ഒട്ടേറെ ആവേശം പകരുന്നതായിരുന്നു പരിപാടി. അതോടൊപ്പം ലൈഫ് ബിലോവാട്ടർ, ലൈഫ് ഓൺ ലാൻഡ് എന്നീ ആശയങ്ങളിൽ ഊന്നിയുള്ള 'ഖത്തർ നാഷനൽ വിഷൻ 2030', ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്.ഡി.ജി) എന്നിവയുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതിൽ യൂത്ത് ഫോറം സന്നദ്ധത അറിയിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള വ്യത്യസ്ത പരിപാടികൾ എക്കാലവും യൂത്ത് ഫോറത്തിന്റെ താൽപര്യമാണെന്ന് പ്രസിഡൻറ് എസ്.എസ്. മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.