ദോഹ റീജനൽ സ്റ്റുഡന്റ്സ് ഫെസ്റ്റിലെ ചാമ്പ്യന്മാരായ യാഖൂത്ത് ടീം
ദോഹ: ദോഹ റീജനൽ സ്റ്റുഡന്റ്സ് ഫെസ്റ്റ് സമാപിച്ചപ്പോൾ യാഖൂത്ത് ടീമിന് ഉജ്ജ്വല വിജയം. വിദ്യാർഥികൾക്കായി ഐ.സി.എഫ് സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ഫെസ്റ്റിൽ 472 പോയന്റ് നേടിയാണ് യാഖൂത്ത് ചാമ്പ്യൻ പട്ടം നേടിയത്. വെള്ളിയാഴ്ച അൽസദ്ദ് സ്വാദ് റസ്റ്റാറന്റിന്റെ നടന്ന പരിപാടിയിൽ പ്രസംഗം, മാപ്പിളപ്പാട്ട്, സംഘഗാനം, ഖുർആൻ പാരായണം, ആക്ഷൻ സോങ്, ക്വിസ് തുടങ്ങിയ വിവിധ ഇനങ്ങളിലായി നൂറോളം വിദ്യാർഥികൾ മാറ്റുരച്ചു. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ഹൈസം എഫ്രോസ് (യാഖൂത്ത്) കലാപ്രതിഭയായും ഫർഹ അഹീർ (യാഖൂത്ത്) സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. പൊതുജനങ്ങൾക്കായി സുബൈർ നിസാമി നയിച്ച ആവേശകരമായ ലൈവ് ക്വിസ് മത്സരത്തിൽ അബ്ദുൽ വഹാബ് സഖാഫി വിജയിയായി. പരിപാടികൾ വീക്ഷിക്കാനായി നൂറുകണക്കിന് രക്ഷിതാക്കളും പ്രവർത്തകരും എത്തിയിരുന്നു. പരിപാടിയുടെ സമാപനം കുറിച്ച് സാഹിത്യോത്സവ് പ്രതിഭ നഫാദ് നയിച്ച ഇശൽ വിരുന്ന് ഹൃദ്യമായ അനുഭവമായി. ഹാദിയ ടീം ഒരുക്കിയ ഹെൽത്തി ഫുഡ് കോർട്ട് സന്ദർശകർക്ക് രുചി വൈവിധ്യങ്ങളുടെ സ്നേഹ വിരുന്നൊരുക്കി. ഉച്ചക്ക് ജുമുഅക്ക് ശേഷം കലാ മാമാങ്കവും സംഘടിപ്പിച്ചു.
ഉദ്ഘാടന സംഗമത്തിന് പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ, റീജ്യൻ പ്രസിഡന്റ് യഅഖൂബ് സഖാഫി, സഈദലി സഖാഫി മുട്ടിപ്പാലം, ഇസ്മാഈൽ ബുഖാരി, ഇബ്രാഹിം സഖാഫി എന്നിവർ നേതൃത്വം നൽകി.
രാത്രി നടന്ന സമാപന സംഗമം ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ സഈദലി സഖാഫി മുട്ടിപ്പാലം അധ്യക്ഷനായിരുന്നു. ഐ.സി.എഫ്, ആർ.എസ്.സി നേതാക്കളായ സിറാജ് ചൊവ്വ, റഹ്മത്തുല്ലാഹ് സഖാഫി, ഉമർ കുണ്ടുതോട്, സലിം കുറുകത്താണി തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് ഷാ ആയഞ്ചേരി, അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി, അബ്ദുൽ അസീസ് സഖാഫി പാലോളി, കരീം ഹാജി കാലടി, നൗഷാദ് അതിരുമട, ഉമർ പുത്തൂപ്പാടം, കെ.ബി. അബ്ദുല്ല ഹാജി, തഅലീമുൽ ഖുർആൻ മാനേജർ അബ്ദുൽ മജീദ് മുക്കം, അഷ്റഫ് സഖാഫി തിരുവള്ളൂർ, റീജ്യൻ മോറൽ എജുക്കേഷൻ സെക്രട്ടറി ഇസ്മായിൽ എൻ.സി., അബ്ദുൽ ജലീൽ ബുഖാരി തുടങ്ങിയവർ പങ്കെടുത്തു.
ഐ.സി.എഫ് നാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി വിജയികളെ പ്രഖ്യാപിച്ചു. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അഹ്മദ് സഖാഫി പേരാമ്പ്ര വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി നൽകി.
സ്വാഗതസംഘം കൺവീനർ സുബൈർ നിസാമി സ്വാഗതവും ആർ.എസ്.സി ദോഹ സോൺ ജനറൽ സെക്രട്ടറി അഷ്ഫർ കക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.