ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ലുസൈൽ പാലസിൽ നടന്ന പരമ്പരാഗത അർദ നൃത്തത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തപ്പോൾ. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി എന്നിവരും പങ്കെടുത്തു
ദോഹ: ഖത്തറിന്റെ ഐക്യവും ദേശീയതയും വിളംബരം ചെയ്ത് രാജ്യം വീണ്ടുമൊരു ദേശീയദിനം. നാടൊരുമിച്ച് ആഘോഷത്തിലാണ്. ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും മുതൽ വീടുകൾ, സ്കൂൾ തുടങ്ങി നഗരവീഥികളും പൊതു ഇടങ്ങളും പാർക്കുകളുമെല്ലാം അലങ്കാരങ്ങളോടെ ദിവസങ്ങൾക്കുമുമ്പു തന്നെ ദേശീയ ദിനത്തെ വരവേറ്റുകഴിഞ്ഞു. ഷോപ്പിങ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ദേശീയ ദിനത്തിന്റെ ഓഫറുകൾ പ്രഖ്യാപിച്ചും വ്യാപാരം പൊടിപൊടിക്കുകയാണ്. മലയാളികളടക്കമുള്ള പ്രവാസികളും അന്നംതരുന്ന നാടിന്റെ ദേശീയദിനാഘോഷത്തിലാണ്. ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 18ന് ഔദ്യോഗിക അവധി ദിമീരി ദിവാൻ പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി തടവുകാർക്ക് മാപ്പ് നൽകിക്കൊണ്ടുള്ള ഉത്തരവ് അമീർ ഇന്നലെ പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്കു ശേഷം നടക്കുന്ന ദേശീയദിന പരേഡ് കോർണിഷിൽ ഇന്ന് രാവിലെ ഒമ്പതിന് ആരംഭിക്കും. പൊതുജനങ്ങൾക്കായി പ്രവേശന കവാടങ്ങൾ രാവിലെ അഞ്ചിന് തുറന്ന് 7.30ഓടെ ഗേറ്റ് അടക്കുമെന്നും സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 18ന് ഔദ്യോഗിക അവധി ദിമീരി ദിവാൻ പ്രഖ്യാപിച്ചിരിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാവും അടുത്ത പ്രവൃത്തി ദിനം.
പൊതുസുരക്ഷ നടപടികളുടെ ഭാഗമായി ഡിസംബർ 16 മുതൽ 19വരെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഷെറാട്ടൺ ഹോട്ടൽ വരെ സമുദ്ര ഗതാഗതത്തിന് ഗതാഗത മന്ത്രാലയം നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് തുടക്കം കുറിച്ച ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സാഇയും കതാറയിൽ വർണവൈവിധ്യമാർന്ന ആഘോഷവും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ദേശീയദിന പരിപാടികൾ സന്ദർശകർക്കായി നടക്കുന്നുണ്ട്.
ആഘോഷങ്ങളുടെ മാറ്റുകൂട്ടി ദർബ് അൽ സാഇ പരിപാടികൾ നേരത്തേ ആരംഭിച്ചിരുന്നു. ദേശീയ പൈതൃകം സംരക്ഷിക്കാനും അത് ഭാവി തലമുറകളിലേക്ക് കൈമാറാനും ലക്ഷ്യമിട്ട് വിവിധങ്ങളായ പരിപാടികൾ ഉം സലാലിലെ സ്ഥിരം വേദിയിലാണ് അറങ്ങേറുന്നത്. ഡിസംബർ 20 വരെ ദർബ് അൽ സാഇയിൽ ദേശീയ ദിനാഘോഷം നീണ്ടുനിൽക്കും. ഖത്തറിന്റെ സ്ഥാപകനും 1878-1913 കാലഘട്ടത്തിലെ ഭരണാധികാരിയുമായിരുന്ന ശൈഖ് ജാസിം ബിന് മുഹമ്മദ് ബിന് ഥാനിയുടെ പിന്തുടര്ച്ചയായാണ് ഖത്തര് ദേശീയദിനം അടയാളപ്പെടുത്തുന്നത്.
സുരക്ഷാ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള എല്ലാ ആഘോഷങ്ങളും രാജ്യത്തിന്റെ തനതായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതുമായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് എല്ലാ ആഘോഷ ഇടങ്ങളിലും പൊതുജനമര്യാദയും അച്ചടക്കവും പാലിക്കണം. പൊതുസുരക്ഷക്ക് ഭീഷണിയാകുന്നതോ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
റോഡുകളിൽ വാഹനം നിർത്തിയിട്ടോ കൂട്ടംകൂടിയോ ഗതാഗത തടസ്സം സൃഷ്ടിക്കരുത്. അപകടകരമായ യാത്രയോ വാഹനങ്ങളുടെ മുകളിൽ ഇരിക്കുകയോ ചെയ്യുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതോ പൊതുക്രമത്തിന് ഭംഗം വരുത്തുന്നതോ ആയ പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ആഘോഷങ്ങൾ സുരക്ഷിതമായി നടത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണവും മന്ത്രാലയം അഭ്യർഥിച്ചു. നിയമലംഘനങ്ങൾ തടയുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആഘോഷ സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും മന്ത്രാലയം സജീവമായി രംഗത്തുണ്ടാകും. നിയമവിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.