അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുട്ടികൾക്ക് ഹസ്തദാനം നൽകുന്നു
ദേശീയ ദിന പരേഡ് കാണാനെത്തിയ കുട്ടികളോട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൈവീശിക്കാണിക്കുന്നു
ദോഹ: ഖത്തറിന്റെ പാരമ്പര്യവും ഐക്യവും ദേശീയതയും വിളംബരം ചെയ്തും സന്തോഷങ്ങൾ പങ്കുവെച്ചും ഖത്തർ 54ാമത് ദേശീയദിനം ആഘോഷിച്ചു. വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളും മുതൽ വീടുകൾ, സ്കൂൾ തുടങ്ങി നഗരവീഥികളും പൊതു ഇടങ്ങളും പാർക്കുകളുമെല്ലാം ഖത്തർ പതാകയും മറ്റു അലങ്കാരങ്ങളാലും അണിഞ്ഞൊരുങ്ങിയിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്കും താമസക്കാർക്കും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആശംസകൾ നേർന്നു. രാജ്യത്തിന്റെ സുരക്ഷയും സമൃദ്ധിയും പുരോഗതിയും എന്നും നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു -ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അമീർ കുറിച്ചു. ഖത്തറിന്റെ സ്ഥാപകനും 1878-1913 കാലഘട്ടത്തിലെ ഭരണാധികാരിയുമായിരുന്ന ശൈഖ് ജാസിം ബിന് മുഹമ്മദ് ബിന് ഥാനിയുടെ പിന്തുടര്ച്ചയായാണ് ഖത്തര് ദേശീയദിനം ആഘോഷിക്കുന്നത്.
അമീർ ദേശീയ ദിന പരേഡ് വീക്ഷിക്കുന്നു
ദേശീയ ദിനാഘോഷത്തിന്റെ പ്രധാനമായ പരേഡ് കാണാൻ പൗരന്മാരും താമസക്കാരും അടക്കം നൂറുകണക്കിനുപേർ അതിരാവിലെ തന്നെ കോർണിഷിൽ എത്തിയിരുന്നു. പൊതുജനങ്ങൾക്കായി പ്രവേശന കവാടങ്ങൾ രാവിലെ അഞ്ചിന് തുറന്നു. മൂന്നു വർഷങ്ങൾക്കു ശേഷം നടക്കുന്ന ദേശീയദിന പരേഡിൽ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിനു പേർ പങ്കാളിയായി. കോർണിഷിൽ നടന്ന പരേഡിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പങ്കെടുത്തു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി എന്നിവരും എന്നിവരും സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ സൈനിക -സുരക്ഷാ വിഭാഗങ്ങളുടെ വിപുലമായ പങ്കാളിത്തത്തോടെയാണ് പരേഡ് നടന്നത്. ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, മന്ത്രിമാർ, വിവിധ നയതന്ത്ര പ്രതിനിധികൾ, വിദേശ പ്രതിനിധികൾ തുടങ്ങിയവരും പരേഡ് കാണാൻ എത്തി. ദോഹ കോർണിഷിൽ നടന്ന ദേശീയ ദിന പരേഡിൽ പതിനായിരങ്ങളാണ് ഒരുമിച്ചു കൂടിയത്. മലയാളികളടക്കമുള്ള പ്രവാസികളും അന്നംതരുന്ന നാടിന്റെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി. ദേശീയ ദിനവും ഖത്തർ രാഷ്ട്രം സ്ഥാപിതമായതിന്റെ വാർഷികവും ആഘോഷിച്ചുകൊണ്ട് ദേശീയഗാനാലാപനത്തോടെയും 18 വെടിയുണ്ടകൾ മുഴക്കിയുമാണ് പരേഡ് ആരംഭിച്ചത്. തുടർന്ന് ഖത്തർ അമീരി എയർ ഫോഴിസിന്റെ കരുത്ത് വിളിച്ചോതുന്ന എയർ ഷോയിൽ വിവിധ തരം യുദ്ധവിമാനങ്ങൾ, സ്ട്രാറ്റജിക് ട്രാൻസ്പോർട്ട് വിമാനങ്ങൾ, ഹെലികോപ്ടറുകൾ എന്നിവ അണിനിരന്നു. തുടർന്ന് അമീരി നേവൽ ഫോഴ്സിന്റെയും തീരസംരക്ഷണ സേനയുടെയും പ്രതിരോധ സംവിധാനങ്ങളുടെ പ്രദർശനവും നടന്നു. തുടർന്ന് പരേഡിൽ ഖത്തരി അമീരി ലാൻഡ് ഫോഴ്സ്, ഖത്തരി അമീരി എയർഫോഴ്സ്, ഖത്തരി അമീരി നേവൽ ഫോഴ്സ്, ഖത്തരി അമീരി ഡിഫൻസ് ഫോഴ്സ്, മിലിട്ടറി -പൊലീസ്, ഖത്തരി സായുധ സേനയുടെ മറ്റ് നിരവധി യൂനിറ്റുകൾ എന്നിവയുടെ കാലാൾപ്പട യൂനിറ്റുകളും കവചിത വാഹനങ്ങൾ, ടാങ്കുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയുടെ പ്രകടനവും അണിനിരന്നു.
തുടർന്ന്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ വിഭാഗങ്ങൾ, പൊലീസ്, നിരീക്ഷണ വിഭാഗങ്ങൾ എന്നിവരുടെ പരേഡിന് പുറമെ, ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് ആയ ലഖ്വിയയും പരേഡിൽ പങ്കാളിയായി. സൗഹൃദ രാജ്യങ്ങളായ ഒമാൻ, ജോർഡൻ, തുർക്കിയ, കസാഖ്സ്ഥാൻ, യു.കെ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര മിലിട്ടറി ബാൻഡുകളുടെ പ്രകടനവും ദേശീയ ദിന പരേഡിൽ അണിനിരന്നു.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നടക്കുന്ന പരിപാടികളിൽ പൗരന്മാരും താമസക്കാരും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമാണുള്ളത്. ഒരാഴ്ച മുമ്പ് തുടക്കം കുറിച്ച ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സാഇയും കതാറയിലെ വർണവൈവിധ്യമാർന്ന ആഘോഷവും ഉൾപ്പെടെ ആഘോഷ പരിപാടികളും നടക്കുന്നുണ്ട്. ദേശീയ പൈതൃകം സംരക്ഷിക്കാനും അത് ഭാവി തലമുറകളിലേക്ക് കൈമാറാനും ലക്ഷ്യമിട്ട് നടക്കുന്ന ദർബ് അൽ സാഇയിലെ പരിപാടികൾ ഡിസംബർ 20 വരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.