ഫിഫ അറബ് കപ്പ് ജോർഡൻ - മൊറോക്കോ ഫൈനലിൽ നിന്ന്
ദോഹ: നിലയ്ക്കാത്ത കൈയടിയും ഗാലറിയിൽനിന്ന് തുടർച്ചയായ ആരവവും നേരിയ മഴയും... ലുസൈൽ മൈതാനത്ത ആവേശകരമായ ഫിഫ അറബ് കപ്പ് ഫൈനലിൽ മൊറോക്കോ അറബ് രാജാക്കന്മാർ. രണ്ടിനെതിരെ മൂന്ന് ഗോളിന് ജോർദാനെ തകർത്താണ് മൊറോക്കോ കിരീടം ചൂടിയത്.
ഇത് രണ്ടാം തവണയാണ് അറബ് കപ്പ് കിരീടം മൊറോക്കോ സ്വന്തമാക്കുന്നത്. 2012ലാണ് നേരത്തെ കിരീടം ചൂടിയത്. കളിയുടെ തുടക്കത്തിൽ ആദ്യ ഗോൾ നേടി മൊറോക്കോ മുന്നേറ്റം ആരംഭിച്ചു. നാലാം മിനിറ്റിൽ അമീൻ സഹസൂ അസിസ്റ്റിൽ ഉസാമ തന്നാനെ ആണ് ആദ്യ ഗോൾ നേടിയത്. സമ്മർദത്തിലായ ജോർഡാന്റെ പ്രതിരോധ നിരയെ ലക്ഷ്യമിട്ട് മൊറോക്കോ മുന്നേറ്റനിര ആദ്യപകുതിയിൽ ആക്രമണം തുടർന്നു.
കരീം അൽ ബർകോ മുഹമ്മദ് റബീ എന്നിവരുടെ ശ്രമങ്ങൾ പക്ഷെ, ലക്ഷ്യം കണ്ടില്ല. എന്നാൽ, മറുഭാഗത്ത് ജോർഡൻ മുഹന്നദ് അബുതാഹ, ഹുസാം അബുദഹബ് എന്നിവരുടെ ശ്രമങ്ങളെ ഗോൾ കീപ്പർ അൽ മഹ്ദി കൈപ്പടിയിൽ ഒതുക്കി. അൽ മൗസോയ് ഹംസ, മുഹമ്മദ് ബൗൾസ്കോട്ട് എന്നിവർ നേതൃത്വം നൽകിയ പ്രതിരോധനിരയും ആദ്യപകുതിയിൽ ജോർദാന്റെ മുന്നേറ്റങ്ങളെ തടഞ്ഞു.ജോർഡാനെതിരെ മൊറോക്കോ 1-0 ഗോള്‍ ലീഡുമായാണ് പിരിഞ്ഞത്.രണ്ടാം പാതിയിൽ ഇറങ്ങിയ ജോർഡൻ, തുടക്കത്തിൽ തന്നെ ഗോൾ മടക്കി. 48- മിനുറ്റിൽ അലി ഒൽവാൻ ആണ് ജോർഡാനു വേണ്ടി ഗോൾ മടക്കിയത്. തുടർന്ന് 68 -മിനിറ്റിൽ അനുകൂലമായി പെനാൽറ്റി ലഭിച്ചതോടെ രണ്ടാമത്തെ ഗോൾ ജോർദാൻ നേടി. അലി ഒൽവാൻ പെനാൽറ്റി വലയിലാക്കി.
കളി അവസാനിക്കാൻ മിനുറ്റുകൾ ബാക്കിനിൽക്കെ 88- മിനിറ്റിൽ അബ്ദുറസാഖ് ഹമദല്ല മൊറോക്കോവിന് വേണ്ടി സമനില ഗോൾ നേടി. അവസാന നിമിഷത്തിൽ ഇരുകൂട്ടർക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പക്ഷേ വിജയ ഗോൾ നേടാനായില്ല. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയിൽ മർവാൻ സഅദിന്റെ അസിസ്റ്റിൽ അബ്ദുറസാഖ് ഹമദല്ല കളിയിലെ രണ്ടാമത്തെയും മൊറൊക്കോവിന്റെ വിജയ ഗോളും നേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.