ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, യു.എസ് ആഭ്യന്തര
സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോമുമായി കൂടിക്കാഴ്ചക്കിടെ
ദോഹ: ഖത്തർ -യു.എസ് സുരക്ഷാ സഹകരണം ശക്തിപ്പെടുത്തി ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോമുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷ നിലനിർത്തുന്നതിനും സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സംയുക്ത ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രീതിയിൽ സുരക്ഷാ മേഖലയിലെ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള വഴികൾ ഇരുവരും അവലോകനം ചെയ്തു. പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങളും പങ്കുവെച്ചു.
കൂടിക്കാഴ്ചയിൽ, ഖത്തർ ആഭ്യന്തര മന്ത്രാലയവും യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പും തമ്മിലുള്ള ധാരണ പത്രത്തിലും സംയുക്ത പ്രസ്താവനയിലും ഒപ്പുവെച്ചു.
സഹകരണത്തിനും ഏകോപനത്തിനുമുള്ള ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുക, സുരക്ഷാ പങ്കാളിത്തങ്ങൾ മെച്ചപ്പെടുത്തുക, വൈദഗ്ധ്യത്തിന്റെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
സിവിൽ ഏവിയേഷൻ സുരക്ഷയിൽ സഹകരണം വികസിപ്പിക്കുന്നതിനുള്ള ധാരണപത്രത്തിലും കൂടിക്കാഴ്ചക്കിടെ ഒപ്പുവെച്ചു. കൂടാതെ, 2026ൽ അമേരിക്ക, കാനഡ, മെക്സികോ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കുന്നതിൽ ഖത്തറി സേനയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ചർച്ചകളും ഇതിന്റെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.