ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി

ഖത്തർ ദേശീയദിനം: നേട്ടങ്ങളുടെയും ഐക്യത്തിന്റെയും ആഘോഷം -പ്രധാനമന്ത്രി

​ദോഹ: രാജ്യത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തോട് വിശ്വസ്തത പുതുക്കുന്നതിനും രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതിൽ മുൻ തലമുറകളുടെ ത്യാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിനും, പുരോഗതിയുടെയും വികസനത്തിന്റെയും വളർച്ചയുടെയും പാതയിൽ തുടർന്നും പ്രവർത്തിക്കാനും ദേശീയ ദിനം ഊർജം നൽകുമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.

അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ എല്ലാ മേഖലകളിലും സമഗ്രമായ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്ന പശ്ചാത്തലത്തിലാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. 'നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ' എന്ന ഈ വർഷത്തെ ​ദേശീയ ദിന മുദ്രാവാക്യം രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ചുവടുവെപ്പുകളെയാണ് സൂചിപ്പിക്കുന്നത്. ഖത്തറിലെ ഭരണനേതൃത്വവും പൗരന്മാരും താമസക്കാരും തമ്മിലുള്ള ഐക്യവും സ്നേഹവുമാണ് ഈ മുന്നേറ്റത്തിന് കരുത്തേകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സുസ്ഥിര വികസനം, സാമൂഹിക ക്ഷേമം, സാമ്പത്തിക അഭിവൃദ്ധി എന്നിവയിൽ ഖത്തർ കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ എല്ലാ ജനങ്ങളും ശ്രമിക്കണം. അതോടൊപ്പം രാജ്യത്തിന്റെ അറബ് -ഇസ്‌ലാമിക പാരമ്പര്യത്തിലും മൂല്യങ്ങളിലും ഉറച്ചുനിന്നുകൊണ്ട് ആഗോള സംസ്കാരങ്ങളുമായി ക്രിയാത്മകമായി സംവദിക്കണമെന്നും ഈ മുദ്രാവാക്യം ആഹ്വാനം ചെയ്യുന്നു. രാഷ്ട്രശിൽപി ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ ആശയങ്ങളും തത്വങ്ങളും ഭാവി തലമുറകളും പാലിക്കുമെന്നും സുരക്ഷ, സമാധാനം, സമൃദ്ധി, ഉദാത്തമായ മാനുഷിക മൂല്യങ്ങൾ എന്നിവയുടെ മരുപ്പച്ചയായി ഖത്തർ രാഷ്ട്രം തുടരുമെന്നും ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Qatar National Day: A celebration of achievements and unity - Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.