ദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്റമ) ജീവനക്കാർക്ക് മാത്രമായി മെഡിക്കൽ ക്ലിനിക് ആരംഭിച്ചു. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനുമായി (പി.എച്ച്.സിസി) സഹകരിച്ച് തുടക്കം കുറിച്ച കഹ്റമാ മെഡിക്കൽ ക്ലിനിക് ഫോർ എംപ്ലോയീസ് കഴിഞ്ഞ ദിവസം കഹ്റമ അബു ഹമൂർ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുക, കോർപറേഷന്റെ ജീവനക്കാർക്ക് ആരോഗ്യ അവബോധ പരിപാടികൾ സംഘടിപ്പിക്കുക, അതുവഴി ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ക്ഷേമം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക് ആരംഭിച്ചത്. ഇതുവഴി ജീവനക്കാരിൽനിന്നും മെച്ചപ്പെട്ട ജോലി പ്രകടനം ഉറപ്പാക്കാൻ സാധിക്കും. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനുമായി (പി.എച്ച്.സി.സി) ഒപ്പുവെച്ച ധാരണപത്രത്തിന്റെ ഭാഗമായാണ് പുതിയ ക്ലിനിക് ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങിൽ കഹ്റമ പ്രസിഡന്റ് എൻജിനീയർ അബ്ദുല്ല ബിൻ അലി അൽ തിയാബ്, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) മാനേജിങ് ഡയറക്ടർ ഡോ. മറിയം അബ്ദുൽ മാലിക്, പി.എച്ച്.സി.സിയിലെ ഡോക്ടർമാർ, ഉയർന്ന ഉദ്യോഗസ്ഥർ കഹ്റമ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
കഹ്റമ മെഡിക്കൽ ക്ലിനിക് ഫോർ എംപ്ലോയീസ് എന്ന നേട്ടം വിവിധ സർക്കാർ സ്ഥാപനങ്ങളുമായുള്ള സഹകരണ പ്രക്രിയയിൽ ഒരു ഗുണപരമായ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നതാണെന്നും ഇത് ഖത്തർ നാഷനൽ വിഷൻ 2030, നാഷനൽ ഹെൽത്ത് സ്ട്രാറ്റജി 2024-2030 എന്നിവയെ പിന്തുണക്കുന്നതാണെന്നും പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മറിയം അബ്ദുൽ മാലിക് പറഞ്ഞു. പുതിയ മെഡിക്കൽ ക്ലിനിക് വന്നതോടെ മലയാളികൾ ഉൾപ്പെടെ കഹ്റമയിൽ ജോലിചെയ്യുന്ന നിരവധി ജീവനക്കാർക്ക് ഈ സൗകര്യം ഏറെ ഉപകാരപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.