വിദേശകാര്യ സഹമന്ത്രിയും മന്ത്രാലയ വക്താവുമായ
ലുൽവ ബിന്ത് റാഷിദ് അല്‍ ഖാതിര്‍
ദോഹ: നീതിയുടെയും സമത്വത്തിെൻറയും മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന അന്താരാഷ്ട്ര സംവിധാനത്തിെൻറ ആവശ്യകതയിലാണ് ഖത്തര്‍ വിശ്വസിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രിയും മന്ത്രാലയ വക്താവുമായ ലുൽവ ബിന്ത് റാഷിദ് അല്‍ ഖാതിര്‍ പറഞ്ഞു. ഖത്തര്‍ യൂനിവേഴ്സിറ്റി കോളജ് ഓഫ് ലോ നടത്തിയ 'ആഗോള പ്രതിസന്ധിക്കു മുന്നില്‍ നിയമം; മാർഗങ്ങളും വെല്ലുവിളികളും' വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മനുഷ്യത്വത്തിനുള്ള അവകാശവും മാന്യമായ ജീവിതത്തെ ബഹുമാനിക്കുകയും ചെയ്യുന്ന രീതി വേണം. ഇത്തരം ഘടകങ്ങൾ ഉറപ്പുവരുത്തുന്ന അന്താരാഷ്ട്ര നിയമമില്ലാതെ ഇൗ സാഹചര്യം നേടാന്‍ സാധ്യമല്ല. അന്താരാഷ്ട്ര നിയമത്തില്‍ ഇത് അനുശാസിക്കുന്നില്ലെങ്കില്‍ അടിച്ചമര്ത്തല്പോലെ അപൂര്‍ണമായ നിയമവും നീതിയുമാണുണ്ടാവുക. ഇത്തരം നീതികേടാണ് ഫലസ്തീനികളെ പതിറ്റാണ്ടുകളായി അധിനിവേശത്തിനു കീഴില്‍ ജീവിപ്പിക്കുന്നത്. അക്രമവും ദാരിദ്ര്യവും പേറാൻ അവർ വിധിക്കപ്പെട്ടതും ഇതുമൂലമാണ്. ലോകത്തിലെ മാറ്റങ്ങൾക്കനുസരിച്ച് സുരക്ഷ കൗണ്‍സിലിനും ബഹുരാഷ്ട്ര സംഘടനകള്‍ക്കും മാറ്റവും പരിഷ്കരണവും ആവശ്യമാണ്. നിയമംതന്നെ പ്രതിസന്ധി നേരിടുന്നുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമവും ബന്ധപ്പെട്ട സംഘടനകളും പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, കുറവുകള്‍ക്കിടയിലും ഈ സ്ഥാപനങ്ങളുടെ നിലനില്പ് അനിവാര്യമാണെന്നും ഖാതിര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് പ്രതിസന്ധി ഘട്ടത്തിലും നേരത്തേയുള്ള മറ്റു കേസുകളിലും വിയോജിപ്പുള്ള മേഖലകള്‍ പരിഗണിക്കാന്‍ ഖത്തര്‍ ലഭ്യമായ എല്ലാ നിയമ മേഖലകളെയും സമീപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്തും അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനത്തിലുമാണ് അങ്ങനെ ചെയ്തത്. സുരക്ഷ സമിതിയില്‍ കുവൈത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ അല്‍ ഖാതിര്‍ അഭിനന്ദിച്ചു. അറബ്, ഇസ്ലാമിക കാര്യങ്ങള്‍ മുന്‍നിര്‍ത്തി തങ്ങളുടെ സഹോദരങ്ങളെ സേവിക്കാനാണ് കുവൈത്ത് തങ്ങളുടെ അംഗത്വം ഉപയോഗപ്പെടുത്തിയത്. സിറിയ, ഫലസ്തീന്, ഇറാഖ്, യമന്‍, മ്യാന്മര് എന്നിവിടങ്ങളിലെ ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനും അവരെ പിന്തുണക്കാനുമാണ് കുവൈത്ത് ശ്രമിച്ചതെന്നും അല്‍ ഖാതിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.