ദോഹ: റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിൽ കളിക്കുന്നില്ലെങ്കിലും ഖത്തർ കളി ‘നിയന്ത്രിക്കുന്നു’. ഖത്തറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ലോകകപ്പാണിത്. 2022 ലോകകപ്പിന് മുമ്പായി നടക്കുന്ന അവസാന ലോകകപ്പാണ് റഷ്യയിൽ നടക്കുന്നത്. ഖത്തറിൽ നിന്നുള്ള രണ്ട് റഫറിമാർ ഇത്തവണ ലോകകപ്പിൽ മത്സരം നിയന്ത്രിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത. ഖത്തറിെൻറ സ്വന്തം താലിബ് അൽ മർരിയും അബ്ദുറഹ്മാൻ അൽ ജാസിമുമാണ് ഖത്തറിെൻറ അഭിമാനം വാനോളമുയർത്തുന്നത്.
കഴിഞ്ഞ ദിവസം നടന്ന പോളണ്ട്–സെനഗൽ മത്സരത്തിലെ അസി. റഫറിയായാണ് താലിബ് അൽ മർരി അരങ്ങേറ്റം കുറിച്ചതെങ്കിൽ അതിന് മുമ്പായി നടന്ന സെർബിയ–കോസ്റ്ററിക്ക മത്സരത്തിലെ വീഡിയോ അസിസ്റ്റൻറ് റഫറിയായാണ് അൽ ജാസിം ലോകകപ്പിൽ അരങ്ങേറിയത്. പോളണ്ട്–സെനഗൽ മത്സരത്തിലെ നാലാം റഫറിയായും അബ്ദുറഹ്മാൻ അൽ ജാസിം ഇറങ്ങിയിരുന്നു. മത്സരത്തിൽ സെനഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പോളണ്ടിനെ തകർത്തുവിട്ടു.
നേരത്തെ അണ്ടർ 20 ലോകകപ്പ്, എ എഫ് സി ചാമ്പ്യൻസ് ലീഗ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, ഫിഫ ലോകക്ലബ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ പ്രധാനപ്പെട്ട പോരാട്ടങ്ങളിൽ റഫറിയായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് അൽ മർരി. 2022ൽ സ്വന്തം രാജ്യത്ത് നടക്കാനിരിക്കുന്ന ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പ്രധാന റഫറിയാവുകയെന്നതാണ് താലിബ് അൽ മർരിയുടെയും അബ്ദുറഹ്മാൻ അൽ ജാസിമിെൻറയും ഏറ്റവും വലിയ സ്വപ്നം.
കഴിഞ്ഞ സീസണിൽ വിവിധ ഖത്തർ ടൂർണമെൻറുകളിൽ ‘വാർ’ വിഭാഗത്തിൽ പ്രവർത്തിച്ച അൽ ജാസിമിെൻറ പരിചയ സമ്പത്താണ് ലോകകപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് സഹായകമായത്. അമീർ കപ്പിലും ഖത്തർ കപ്പ് ചാമ്പ്യൻഷിപ്പിലും ‘വാർ’ സംവിധാനം ഉപയോഗിക്കുന്നതിന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ അംഗീകാരം നൽകിയിരുന്നു.
ഖത്തറിൽ നിന്നുള്ള ആദ്യ ലോകകപ്പ് റഫറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് താലിബ് അൽ മർരി പ്രതികരിച്ചിരുന്നു.
46 രാജ്യങ്ങളിൽ നിന്നായി 36 റഫറിമാരും 63 അസിസ്റ്റൻറ് റഫറിമാരുമാണ് റഷ്യൻ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കുന്നതിനായി എത്തിയത്. ഏഷ്യൻ കോൺഫെഡറേഷനിൽ നിന്നുള്ള പത്തംഗ റഫറിമാരിലൊരാളാണ് അൽ മർരി. ഖത്തറിന് പുറമേ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, സൗദി എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും ബഹ്റൈൻ, ജപ്പാൻ, യു എ ഇ എന്നിവിടങ്ങളിൽ നിന്ന് ഓരോ പേരുമാണ് അസിസ്റ്റൻറ് റഫറിമാരായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.