ഖത്തർ സി.എസ്.ആർ പുരസ്കാരം സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി

പ്രതിനിധികൾ ഏറ്റുവാങ്ങുന്നു

സി.എസ്.ആർ പുരസ്‌കാരം നേടി ലോകകപ്പ് ലെഗസി പ്രോഗ്രാമുകൾ

ദോഹ: ഖത്തർ സി.എസ്.ആർ ഉച്ചകോടിയിൽ സാമൂഹിക പരിപാടികളോടുള്ള പ്രതിബദ്ധതക്ക് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്.സി)ക്ക് അംഗീകാരം. 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ പാരമ്പര്യം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ലെഗസി പ്രോഗ്രാമുകളായ ജനറേഷൻ അമേസിങ് ഫൗണ്ടേഷനും തംരീനുമാണ് പുരസ്‌കാരങ്ങൾക്ക് അർഹമായത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള വികസന പരിപാടികൾക്കായി ഫുട്‌ബാളിനെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് എസ്.സിയുടെ ജനറേഷൻ അമേസിങ് ശ്രദ്ധ നേടിയത്. കമ്യൂണിറ്റി ക്ലബുകൾ സ്ഥാപിക്കുക, ഫുട്‌ബാൾ പിച്ചുകളുടെ നിർമാണം, പ്രധാന ജീവിത നൈപുണ്യങ്ങൾ (ലൈഫ് സ്‌കിൽസ്) വളർത്തിയെടുക്കുന്നതിനുള്ള പരിപാടികൾ തുടങ്ങിയവയാണ് ജനറേഷൻ അമേസിങിന്റെ സംരംഭങ്ങളിലുൾപ്പെടുന്നത്. ഇതിനകം 75 രാജ്യങ്ങളിലായി തങ്ങളുടെ കൈയൊപ്പ് ചാർത്തിയ ഫൗണ്ടേഷൻ, ഒരു ദശലക്ഷത്തിലധികം ആളുകളിൽ സ്വാധീനം ചെലുത്തുകയും ചെയ്തു.

വിദ്യാഭ്യാസ മന്ത്രാലയം, ഖത്തർ ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ചുള്ള എസ്.സിയുടെ സംയുക്ത സംരംഭമാണ് തംരീൻ. 2019ൽ ആരംഭിച്ച തംരീനിലൂടെ എട്ട് മുതൽ 18 വരെ പ്രായമുള്ള വിദ്യാർഥികൾക്ക് പ്രധാന പാഠ്യപദ്ധതി മേഖലകളിൽ പിന്തുണ നൽകുകയാണ് ചെയ്യുന്നത്. സ്റ്റേഡിയം ഡിസൈനുകളും പ്രവേശനക്ഷമതയും ഉൾപ്പെടെ ഖത്തർ 2022 വിഷയങ്ങളുടെ ഒരു ശ്രേണി തന്നെ തംരീനിലുണ്ട്. ഒാൺലൈൻ വഴി നടപ്പാക്കുന്ന തംരീന്റെ ടൂൾ കിറ്റുകൾ, പാഠ്യ പദ്ധതികൾ, പ്രവർത്തന ഷീറ്റുകളെല്ലാം ലോകമെമ്പാടുമുള്ള അധ്യാപകർക്ക് ലഭ്യമാണ്.

ഖത്തർ വിഷൻ 2030ന് അനുസൃതമായി മാനുഷികവും സാമൂഹികവും സുസ്ഥിരവുമായ ലക്ഷ്യങ്ങളെ പിന്തുണക്കുന്ന ഒരു ടൂർണമെന്റ് സമ്മാനിക്കുകയെന്ന ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെയാണ് ജനറേഷൻ അമേസിങും തംരീനും പ്രതിനിധീകരിക്കുന്നതെന്ന് എസ്.സി കമ്യൂണിറ്റി എൻഗേജ്‌മെന്റ് ആൻഡ് കൊമേഴ്‌സ്യൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഖാലിദ് അൽ നഅ്മ പറഞ്ഞു.

ജനറേഷൻ അമേസിങ് ഫൗണ്ടേഷനും തംരീനും ഖത്തർ സി.എസ്.ആർ ഉച്ചകോടി അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് ജനറേഷൻ അമേസിങ് എക്‌സിക്യൂട്ടിവ് ഡയറക്ടർ നാസർ അൽ ഖൂരി പറഞ്ഞു.

Tags:    
News Summary - World Cup Legacy Programs Win CSR Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.