ലുസൈൽ സൂപ്പർ കപ്പിനായി ദോഹയിലെത്തിയ ഈജിപ്ഷ്യൻ ചാമ്പ്യൻ ക്ലബായ അൽ സമാലെക് ടീം അംഗങ്ങൾ
ദോഹ: കാൽപന്ത് ലോകത്തിന്‍റെ ഹൃദയഭൂമിയാവാൻ ഒരുങ്ങുന്ന ലുസൈൽ നഗരത്തിൽ നാളെ സ്വർണക്കൂടിൽ പന്തുരുണ്ട് തുടങ്ങും. ലോകകപ്പ് ഫുട്ബാളിലെ താരരാജാക്കന്മാരെ അവരോധിക്കാനൊരുങ്ങുന്ന കളിമുറ്റത്തിന് വെള്ളിയാഴ്ച രാത്രിയിൽ ആവേശദിനം. വിശ്വപോരാട്ടത്തിനായി സർവ സജ്ജമായി, താരങ്ങളെയും ആരാധക ലക്ഷങ്ങളെയും വരവേൽക്കാൻ ഒരുങ്ങുന്ന ലുസൈൽ സ്റ്റേഡിയത്തിൽ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഹിലാലും ഈജിപ്ഷ്യൻ പ്രീമിയർലീഗ് ജേതാക്കളായ അൽ സമലെകും തമ്മിൽ വെള്ളിയാഴ്ച രാത്രി ഒമ്പതിന് ഏറ്റുമുട്ടും.
ലോകകപ്പിന് മുമ്പ് സ്റ്റേഡിയത്തിന്‍റെ ട്രയൽ റൺ കൂടിയായി മാറുന്ന സൂപ്പർകപ്പിന് 80,000 കാണികൾക്ക് പ്രവേശനം നൽകും.
ഒപ്പം, അറബ് മേഖലയിലെ പ്രമുഖ സംഗീതജ്ഞൻ അംറ് ദിയാബിന്‍റെ സംഗീത നിശയാണ് ഗാലറി നിറയുന്ന കളിയുത്സവത്തിന്‍റെ മറ്റൊരു ആകർഷകം.
മുഴുവൻ നിർമാണവും പൂർത്തിയാക്കിയ ലുസൈൽ സ്റ്റേഡിയത്തിൽ ആഗസ്റ്റിൽ ഖത്തർ സ്റ്റാർസ് ലീഗ് മത്സരം നടന്നിരുന്നു. 20,000ത്തോളം കാണികൾക്ക് പ്രവേശനം നൽകിയാണ് സ്റ്റാർസ് ലീഗിലെ ആഭ്യന്തര ടീമുകൾ മാറ്റുരച്ചത്.
അറബ് മേഖലയിലെ പ്രബലമായ രണ്ട് ലീഗുകളിലെ ചാമ്പ്യൻ ടീമുകളുടെ പോരാട്ടം എന്ന നിലയിൽ സൗദി, ഈജിപ്ഷ്യൻ കാണികളും വെള്ളിയാഴ്ച ലുസൈലിലേക്ക് ഒഴുകിയെത്തും. ആഗസ്റ്റ് മൂന്നാം വാരത്തിൽ ടിക്കറ്റ് വിൽപന ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റു പോയിരുന്നു. മേഖലയിലെ മികച്ച ടീമുകൾ എന്ന നിലയിൽ ഏറെ ആരാധക പിന്തുണയുള്ള സംഘങ്ങളാണ് അൽ ഹിലാലും അൽ സമാലെക് എസ്.സിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.