ദോഹ: രക്തരൂക്ഷിതമായ പശ്ചിമേഷ്യൻ സംഘർഷത്തിനിടെ സമാധാനശ്രമങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രനേതാക്കളുമായി ആശയവിനിമയം നടത്തി ഖത്തർ പ്രധാനമന്ത്രി. ഞായറാഴ്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, സൗദി, ജോർഡൻ, സ്പാനിഷ്, തുർക്കി വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ഫോണിൽ സംസാരിച്ചു.
ഫലസ്തീൻ, ഇസ്രായേൽ മേഖലയിലെ സംഘർഷാവസ്ഥയെക്കുറിച്ചും യുദ്ധസാഹചര്യം ഒഴിവാക്കുന്നത് സംബന്ധിച്ചും പ്രധാനമന്ത്രിയും ആന്റണി ബ്ലിങ്കനും തമ്മിലെ ചർച്ചയിൽ ആവശ്യമുന്നയിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിലെ സംഘർഷം സംബന്ധിച്ച് ഖത്തറിന്റെ ആശങ്ക അറിയിച്ച പ്രധാനമന്ത്രി ഇരുവിഭാഗവും പരമാവധി സംയമനം പാലിക്കണമെന്നും ആന്റണി ബ്ലിങ്കനുമായുള്ള സംഭാഷണത്തിൽ വ്യക്തമാക്കി.
സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായും ഖത്തർ പ്രധാനമന്ത്രി പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കാനും സംഘർഷം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട ഇരുവരും, സിവിലിയന്മാർക്കെതിരായ ആക്രമണങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചു. സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ്, തുർക്കിയ വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തി.
മേഖലയിലെ സംഘർഷാവസ്ഥയെ ഖത്തർ ശക്തമായ ഭാഷയിൽ കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദി ഇസ്രായേലാണെന്നും മേഖലയിലെ പ്രശ്നപരിഹാരത്തിന് സ്വതന്ത്ര ഫലസ്തീന് നിലവില്‍ വരണമെന്നും രാജ്യം ആവശ്യമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.