വെനീസ് ആർക്കിടെക്ചർ ബിനാലെയിൽ പ്രകാശനം ചെയ്ത ഖത്തർ വൊക്കേഷനൽ സ്കൂളിന്റെ മാതൃക
ദോഹ: കാഴ്ചയിൽ ഒരു മ്യൂസിയമെന്ന് അതിശയിച്ചേക്കാം. വലിച്ചുകെട്ടിയ ടെന്റും പരമ്പരാഗത അറബ് നിർമിതികളുമായി ഭാവിയിൽ ഒരുങ്ങുന്ന കെട്ടിടത്തിന്റെ മാതൃകയാണിത്. അതാവട്ടെ, ഒരു സ്കൂളും. തൊഴിലധിഷ്ഠിത പാഠ്യപദ്ധതികളുമായി ഖത്തർ മ്യൂസിയംസിനു കീഴിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന പ്രഥമ വൊക്കേഷനൽ സ്കൂളിന്റെ രൂപ രേഖയിൽതന്നെയുണ്ട് അതിശയം.
ലോകപ്രശസ്ത ഫ്രഞ്ച് ഡിസൈനർ ഫിലിപ് സ്റ്റാർക് രൂപകൽപന ചെയ്ത മാതൃക വെനീസ് ആർക്കിടെക്ചർ ബിനാലെയിൽ പ്രകാശനം ചെയ്തു. ക്രിയാത്മക വ്യവസായ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന രാജ്യത്തിന്റെ ആദ്യത്തെ വൊക്കേഷനൽ സ്കൂൾ കമീഷൻ ചെയ്തിരിക്കുന്നത് ഖത്തർ മ്യൂസിയമാണ്.
ക്രിയാത്മക വ്യവസായങ്ങൾക്കായി ഇത്തരത്തിൽ തൊഴിലധിഷ്ഠിത പാഠ്യപദ്ധതി രൂപവത്കരിക്കുന്ന ഖത്തറിലെ ഒരു ഏകീകൃത സ്ഥാപനമായിരിക്കും ഖത്തർ പ്രിപറേറ്ററി സ്കൂൾ എന്ന് സ്റ്റാർക് സ്റ്റുഡിയോ അറിയിച്ചു.
സെൻട്രൽ ദോഹയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ബി-റിങ് റോഡിനോടു ചേർന്നുള്ള മുൻ ഖത്തർ ബോയ്സ് പ്രിപ്പറേറ്ററി സ്കൂൾ സ്ഥിതിചെയ്തിരുന്നിടത്താണ് പുതിയ വൊക്കേഷനൽ സ്കൂളിന് സ്ഥലം നിർണയിച്ചിരിക്കുന്നത്. 1962ൽ നിർമിച്ച പഴയ സ്കൂളിന്റെ ‘U’ ആകൃതിയിലുള്ള 2300 ചതുരശ്രമീറ്റർ ഡിസൈൻ സ്റ്റാർക്കിന്റെ രൂപരേഖയിൽ നിലനിർത്തുകയും പുനർനിർമിക്കുകയും ചെയ്യും.വിശാലമായതും കണ്ണിന് കുളിർമ നൽകുന്നതുമായ നടുമുറ്റത്തിന്, തടിയിൽ നിർമിച്ചിരിക്കുന്ന വലിയ മേലാപ്പിന്റെ സംരക്ഷണവുമുണ്ടായിരിക്കും.ത്രിമാന പ്രിന്റിങ് സാങ്കേതികവിദ്യയിലൂടെ ക്ലേ യൂനിറ്റുകൾ നിർമിച്ച് പ്രകൃതിദത്ത ശീതീകരണത്തിന് പുതിയ മാനവും രൂപരേഖയിൽ സമർപ്പിച്ചിട്ടുണ്ട്. തണുത്ത വായുസഞ്ചാരം സാധ്യമാക്കുന്ന പൊള്ളയായ കളിമൺ സ്ക്രീനുകളുമായി ബന്ധപ്പിച്ചിരിക്കുന്ന ത്രിമാന രൂപത്തിലുള്ള ചിമ്മിനികൾ ഈ സംവിധാനത്തിലുൾപ്പെടും. കൂടാതെ, ത്രിമാന രൂപത്തിൽ പ്രിന്റ് ചെയ്ത കളിമൺഭിത്തികൾ, വെന്റിലേഷൻ ചിമ്മിനികൾ, അതിലോലമായ പാറ്റേണുകളുള്ള കൊളോണേഡുകൾ എന്നിവയും കെട്ടിടത്തിലുണ്ടാകുമെന്ന് സ്റ്റുഡിയോ വിശദീകരിച്ചു.
പ്രധാന സ്കൂൾകെട്ടിടത്തെ ചുറ്റിയുള്ള വർക്ക്ഷോപ്പ് വില്ലേജാണ് രൂപരേഖയിലെ മറ്റൊരു പ്രധാന ആകർഷണം. തൊഴിൽപരമായ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായിരിക്കുമിത്. 32,000 ചതുരശ്രമീറ്റർ വിസ്തൃതിയിലായിരിക്കും സ്കൂൾ ഉൾപ്പെടെയുള്ള സ്ഥലം നിർമിക്കുക.
ഖത്തറിന്റെ പൊതുപരമ്പരാഗത നാഗരികതയോടുള്ള ആദരസൂചകമായി സൈറ്റിൽ പൊതു പാർക്കും സ്റ്റുഡിയോകൾ, വിനോദ പവിലിയനുകൾ എന്നിവയും സ്ഥാപിക്കും. 2023 മേയ് 20ന് പലാസോ ഫ്രാഞ്ചെറ്റിയിൽ ആരംഭിച്ച വെനീസ് ആർക്കിടെക്ചർ ബിനാലെ ഈ വർഷം നവംബർ 26 വരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.