ദോഹ: അധികാര ശ്രേണികളിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അർഹതപ്പെട്ട പങ്കാളിത്തം ലഭിക്കാത്തതാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് നജീബ് കാന്തപുരം എം.എൽ.എ അഭിപ്രായപ്പെട്ടു. ഇത് സാധ്യമായാൽ മാത്രമേ സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുകയുള്ളു. അതിനു വേണ്ടിയുള്ള എളിയ ശ്രമമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവിസസ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതി സാഹിബിനെപ്പോലുള്ള മുൻകാല ഇസ്ലാഹീ നേതാക്കന്മാർ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ, വിദ്യാഭ്യാസ മേഖലകൾക്ക് നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.
മദീന ഖലീഫയിലെ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡന്റ് സിറാജ് ഇരിട്ടി ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ലത്വീഫ് നല്ലളം, അമീർ ഷാജി, നസീർ പാനൂർ എന്നിവർ സംസാരിച്ചു. പരിപാടിക്ക് ഹമീദ് കല്ലിക്കണ്ടി, അജ്മൽ ജൗഹർ, നിസാർ ചെട്ടിപ്പടി, ഹമദ് ബിൻ സിദ്ദീഖ്, റിയാസ് വാണിമേൽ, ശനീജ് എടത്തനാട്ടുകര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.