ദോഹ: ഗസ്സ എക്സിക്യൂട്ടീവ് ബോർഡിൽ ഖത്തറിന്റെ പ്രതിനിധിയായി പ്രധാനമന്ത്രിയുടെ സ്ട്രാറ്റജിക് അഫയേഴ്സ് ഓഫിസ് ഉപദേഷ്ടാവായ അലി അൽ തവാദിയെ നിയമിച്ചു. ഇസ്രായേൽ, ഹമാസ്, മറ്റ് മധ്യസ്ഥ രാജ്യങ്ങൾ എന്നിവരുമായുള്ള ഖത്തറിന്റെ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് അലി അൽ തവാദി. ഹമാസ് തടവിലാക്കിയ നിരവധി ബന്ദികളെ മോചിപ്പിക്കുന്നതിനും, ഫലസ്തീനികൾക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുള്ള ചർച്ചകൾക്കും, വെടിനിർത്തൽ കരാറുകളിൽ എത്തുന്നതിനും അദ്ദേഹത്തിന്റെ ഇടപെടലുകൾ നിർണായകമായി.
കൂടാതെ, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിൽ ഖത്തറിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിലും അദ്ദേഹം നിർണായകമായി പ്രവർത്തിച്ചു. പുതിയ നിയമനത്തിലൂടെ, ഗസ്സ എക്സിക്യൂട്ടീവ് ബോർഡ് വഴിയും മറ്റ് അന്താരാഷ്ട്ര സംരംഭങ്ങൾ വഴിയും മേഖലയിലെ സമാധാന ശ്രമങ്ങൾ നിലനിർത്തുന്നതിനുവേണ്ടി അദ്ദേഹം പ്രവർത്തിക്കും.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഖത്തറിന്റെ ഇടപെടലുകൾ തുടരുകയാണ്. ഇസ്രായേലും ഹമാസും തമ്മിലുള്ള മധ്യസ്ഥത, സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര പങ്കാളികളുമായി ഖത്തർ സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും ഇന്റർനാഷനൽ മീഡിയ ഓഫിസ് വാർത്തക്കുറിപ്പിൽ വിശദമാക്കി. ഗസ്സയിലെ ജനങ്ങൾക്ക് സുസ്ഥിരമായ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കുന്നതിനും ഫലപ്രദമായ ഭരണം നടപ്പാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ നൽകാനാണ് ഖത്തർ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.