ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിൽ എത്തിയ കാനഡ പ്രധാനമന്ത്രി ഡോ. മാർക്ക് കാർണിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഔദ്യോഗിക ചർച്ച നടത്തി. നേരത്തേ, അമീരി ദിവാനിൽ കാനഡ പ്രധാനമന്ത്രിക്കും സംഘത്തിനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഹൃദ്യമായ സ്വീകരണം ഒരുക്കിയിരുന്നു.
സമ്പദ്വ്യവസ്ഥ, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിനെ കുറിച്ച് നേതാക്കൾ സംസാരിച്ചു. കൂടാതെ, മേഖലയിലെ സുരക്ഷയും സ്ഥിരതയും അന്താരാഷ്ട്ര സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേതാക്കൾ പങ്കുവെച്ചു. ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉഭയകക്ഷി സഹകരണം വ്യാപിപ്പിക്കാനും ഈ സന്ദർശനം സഹായിക്കുമെന്ന് അമീർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഊഷ്മളമായ സ്വീകരണത്തിന് അമീറിനോട് നന്ദി പറഞ്ഞ കാനഡ പ്രധാനമന്ത്രി, ഖത്തറുമായുള്ള സൗഹൃദവും സഹകരണവും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ താൽപര്യപ്പെടുന്നുവെന്നും വ്യക്തമാക്കി. അമീരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, ഊർജ്ജ കാര്യ സഹമന്ത്രി എൻജിനീയർ സഅദ് ബിൻ ഷെരീദ അൽ കഅബി, വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി, വിദേശ വ്യാപാര കാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയ്യിദ് എന്നിവർ ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
കാനഡ ഭാഗത്തുനിന്ന് വ്യവസായ മന്ത്രി മെലാനി ജോളി, ധനകാര്യ -റവന്യൂ മന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്ൻ, വിദേശകാര്യ മന്ത്രി അനിത ആനന്ദ്, ഊർജ -പ്രകൃതി വിഭവ മന്ത്രി ടിം ഹോഡ്സൺ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം അമീറും കാനഡ പ്രധാനമന്ത്രിയും തമ്മിൽ പ്രത്യേക കൂടിക്കാഴ്ചയും നടത്തി. തുടർന്ന് കാനഡ പ്രധാനമന്ത്രിക്കും സംഘത്തിനും അമീർ ഉച്ചവിരുന്ന് ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.