ദോഹ കോർണിഷിൽ നടന്ന ഈദ് ആഘോഷം
ദോഹ: ചെറിയ പെരുന്നാൾ ആഘോഷ പരിപാടികളും അവധി ദിനങ്ങളുമായി ലോകമെങ്ങുമുള്ള സഞ്ചാരികളെ വരവേറ്റ മേയ് മാസത്തിൽ ഖത്തറിലേക്ക് ഒഴുകിയെത്തിയത് റെക്കോഡ് സഞ്ചാരികൾ. കോവിഡ് മഹാമാരിക്കു മുമ്പുള്ള കാലത്തെ യാത്രക്കാരുടെ എണ്ണത്തെയും മറികടന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ പുതിയ റെക്കോഡ് രേഖപ്പെടുത്തി. വിവിധ പരിപാടികളും ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദോഹ കോർണിഷിൽ സംഘടിപ്പിച്ച പ്രഥമ 'ഈദ് ഇൻ ഖത്തറും' സന്ദർശകരുടെ വർധനയിൽ പ്രധാന പങ്കു വഹിച്ചതായാണ് വിലയിരുത്തൽ. മേയിൽ മാത്രം ഖത്തറിലെത്തിയ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 1,66,000 കവിഞ്ഞതോടെ ഈ വർഷത്തെ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ മാസം മേയ് ആയി. പുതിയ കണക്കുകൾ പ്രകാരം ഈ വർഷം മേയ് വരെയായി 5.80 ലക്ഷത്തിൽ അധികം സന്ദർശകരാണ് ഖത്തറിലെത്തിയത്. കഴിഞ്ഞ വർഷത്തെ ആകെ സന്ദർശകരുടെ എണ്ണം 6.11 ലക്ഷം ആയിരുന്നു. കോവിഡിനു മുമ്പ് 2019 മേയിലെ സന്ദർശകരുടെ എണ്ണത്തെക്കാൾ 25 ശതമാനം വർധനയാണ് മേയ് മാസത്തിൽ രേഖപ്പെടുത്തിയത്. ഖത്തറിന്റെ വിനോദസഞ്ചാര മേഖല കോവിഡ് പൂർവ കാലഘട്ടത്തിലേക്ക് തിരികെ മടങ്ങുന്നതിന്റെ ശുഭസൂചനകളാണ് ഏറ്റവും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
മേയ് മാസത്തിൽ രാജ്യത്തെത്തിയ സന്ദർശകരിൽ 54 ശതമാനവും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. സൗദി അറേബ്യയിൽനിന്നുള്ള സന്ദർശകരായിരുന്നു അവരിൽ അധികവും. എത്തിപ്പെടാനുള്ള സൗകര്യവും നടപടികൾ വേഗത്തിലാക്കിയതും കാരണം സൗദിയിൽനിന്ന് വ്യോമമാർഗം എത്തിയവരെക്കാൾ കൂടുതലായിരുന്നു ഇത്തവണ കരമാർഗമെത്തിയതെന്നും റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
ഖത്തറിന്റെ പുതിയ വിനോദസഞ്ചാര തന്ത്രപ്രധാന പദ്ധതികൾ വിജയകരമായി പ്രവർത്തിക്കുന്നതിന്റെ സൂചനകളാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഖത്തർ ടൂറിസം സി.ഒ.ഒ ബെർതോൾഡ് ട്രെൻകെൽ പറഞ്ഞു. ടൂറിസം പദ്ധതികളിൽ പ്രധാനമാണ് യാത്ര. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ഖത്തറിലേക്ക് ആകർഷിക്കുന്നതായും സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധന ഏറെ സന്തോഷം പകരുന്നതാണെന്നും കരമാർഗവും കടൽമാർഗവും സന്ദർശകരെത്തുന്നതായും ട്രെൻകെൽ വ്യക്തമാക്കി. ഖത്തറിന്റെ വിനോദസഞ്ചാര മേഖലയെ സംബന്ധിച്ച് ഈ വർഷം ഏറെ പ്രധാനപ്പെട്ടതാണെന്നും വേനൽക്കാല സീസണിലേക്ക് പ്രവേശിക്കുന്ന സന്ദർഭത്തിൽ ഈ വളർച്ചയിൽ സന്തോഷമുണ്ടെന്നും സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി ടൂറിസം അവസരങ്ങളാണെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തും വിനോദസഞ്ചാരത്തിനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കലാ സംഗീത വിരുന്നുകൾ മുതൽ റീട്ടെയിൽ വ്യാപാരം, മ്യൂസിയം പ്രദർശനം തുടങ്ങി വിവിധ മേഖലകളിൽ ഖത്തർ ടൂറിസം സാധ്യതകളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഓരോ മാസത്തെയും പ്രധാന പരിപാടികളും പ്രദർശനങ്ങളും വിനോദസഞ്ചാര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ ടൂറിസം പ്രത്യേക കലണ്ടർ പുറത്തിറക്കുന്നത് ഈയിടെ ആരംഭിച്ചിരുന്നു. www.qatarcalendar.com എന്ന വെബ്സൈറ്റിൽ ഇത് ലഭ്യമാണ്. സമ്മർ സീസൺ അതിെൻറ പാരമ്യത്തിലേക്ക് കടക്കുമ്പോൾ മറ്റൊരു ഈദ് അവധി ദിനങ്ങളിലേക്കു കൂടിയാണ് രാജ്യം പ്രവേശിക്കുന്നത്. നിരവധി പരിപാടികളാണ് ഖത്തർ ടൂറിസം
അന്താരാഷ്ട്ര, ആഭ്യന്തര സഞ്ചാരികൾക്കായി ആസൂത്രണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.