ദോഹ: രാജ്യത്തെ വാഹന നമ്പർ പ്ലേറ്റുകളിൽ സമൂലമായ മാറ്റം പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. നിലവിലുള്ള വാഹന നമ്പർ പ്ലേറ്റുകൾക്ക് പകരം, രാജ്യത്തെ എല്ലാ വാഹനങ്ങളിലും ആധുനിക സ്മാർട് ട്രാഫിക് സംവിധാനത്തിന് അനുസൃതമായ അന്താരാഷ്ട്ര നിലവാരമുള്ള നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
നിരവധി ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. സ്വകാര്യ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലാണ് ആദ്യഘട്ടത്തിൽ മാറ്റമുണ്ടാകുക.
നമ്പർ പ്ലേറ്റുകളുടെ ദൃശ്യത മെച്ചപ്പെടുത്തുക, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ വാഹനങ്ങളിലാണ് മാറ്റം ആദ്യഘട്ടത്തിൽ നടപ്പാക്കുക. ഇതുപ്രകാരം നിലവിലുള്ള നമ്പറിന് മുമ്പിൽ 'ക്യു' എന്ന അക്ഷരം ചേർക്കും.
പിന്നീട് ടി,ആർ എന്നീ അക്ഷരങ്ങൾ ഘട്ടം ഘട്ടമായി ഉപയോഗിക്കും. ആദ്യഘട്ടത്തിൽ ഡിസംബർ 13 മുതല്‍ 16 വരെ സൂം ആപ്ലിക്കേഷൻ വഴി പ്രത്യേക നമ്പർ പ്ലേറ്റ് സ്വന്തമാക്കുന്ന വാഹനങ്ങൾക്ക് (ക്യു) എന്ന അക്ഷരം അനുവദിക്കും. പുതിയ വാഹന ലൈസൻസിങ് സംവിധാനത്തിൽ ഏപ്രിൽ ഒന്നുമുതൽ രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് പുതുക്കിയ നമ്പർ പ്ലേറ്റ് നൽകുന്നതാണ് രണ്ടാമത്തെ ഘട്ടം. ഇവക്ക് ലഭ്യമായ ക്രമത്തിൽ ക്യു, ടി, ആർ അക്ഷരങ്ങൾ അനുവദിക്കും.
മൂന്നാം ഘട്ടത്തിൽ നിലവിൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ ക്യു അക്ഷരം ചേർത്തു പുതുക്കും. ഇതിന്റെ സമയക്രമം പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
സ്വകാര്യേതര വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റം പിന്നീട് പ്രഖ്യാപിക്കും. കേണൽ ഡോ. ജബർ ഹുമൂദ് ജബർ അൽ നഈമി, സ്റ്റാഫ് കേണൽ അലി ഹസൻ അൽ കഅബി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.