ദോഹ: ഗസ്സയിൽ ആവർത്തിച്ചുണ്ടാകുന്ന വെടിനിർത്തൽ ലംഘനങ്ങൾ മേഖലയിൽ സംഘർഷം വർധിപ്പിക്കാനും സമാധാന ശ്രമങ്ങളെ തകർക്കാനും ഇടയാക്കുമെന്ന് വിവിധ അറബ് രാജ്യങ്ങളുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ശക്തമായി അപലപിച്ച അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, ഇസ്രായേലിന്റെ നടപടികൾ ആയിരത്തിലധികം ഫലസ്തീനികളുടെ മരണത്തിനും പരിക്കേൽക്കുന്നതിനും ഇടയാക്കിയതായും സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം ഗസ്സ സിറ്റിയിലും ഖാൻ യൂനിസിലും നടന്ന വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിറക്കിയത്. ഖത്തർ, ജോർഡൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കിയ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. റഫ അതിർത്തി തുറക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ക്രൂരമായ വ്യോമാക്രമണമുണ്ടായത്. അതിർത്തി പാതകൾ തുറക്കുകയെന്നതാണ് വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടത്തിലെ പ്രധാന നിർദേശങ്ങളിലൊന്നാണ്.
യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാംഘട്ട ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം നടപ്പാക്കുന്നതിനായുള്ള ശ്രമങ്ങളുമായി പ്രാദേശിക -അന്തർദേശീയ കക്ഷികൾ സഹകരിക്കുന്ന സമയത്താണ് ഇത്തരമൊരു ലംഘനം ഉണ്ടായിരിക്കുന്നത്. ഇത് മേഖലയിൽ സംഘർഷം വർധിപ്പിക്കാനും സമാധാന ശ്രമങ്ങളെ തകർക്കാനും ഇടയാക്കുമെന്ന് മന്ത്രിമാർ മുന്നറിയിപ്പ് നൽകി. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ രാഷ്ട്രീയ പരിഹാരത്തിനുള്ള നീക്കങ്ങൾക്ക് ഭീഷണിയാണ്. ഗസയിലെ സുരക്ഷാ -മാനുഷിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമാധാന പദ്ധതിയുടെ വിജയം ഉറപ്പാക്കുന്നതിനും പൂർണ്ണമായ പ്രതിബദ്ധത ആവശ്യമാണ്.
അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ പ്രമേയങ്ങൾക്കും അനുസൃതമായി, ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിലും സ്വതന്ത്ര രാഷ്ട്ര രൂപവത്കരണത്തിലും അധിഷ്ഠിതമായി സുസ്ഥിരമായ സമാധാനം കെട്ടിപ്പടുക്കകയും വേണം. നിർണ്ണായക ഘട്ടത്തിൽ എല്ലാ കക്ഷികളും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും വെടിനിർത്തൽ നിലനിർത്തുന്നതിനായി പരമാവധി സംയമനം പാലിക്കണമെന്നും മന്ത്രിമാർ ആഹ്വാനം ചെയ്തു.
ഗസ്സയുടെ പുനർനിർമാണത്തിനും സമാധാനപരമായ അന്തരീക്ഷം ഒരുക്കുന്നതിനും വിഘാതമാകുന്ന നടപടികൾ ഒഴിവാക്കണമെന്നും അറബ് രാഷ്ട്ര നേതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.