ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ
മസ്ലമാനി
ദോഹ: ഖത്തറിൽ നൽകുന്ന വാക്സിനുകൾ കോവിഡ് ഡെൽറ്റ വകഭേദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി. രാജ്യത്ത് ഡെൽറ്റ വകഭേദം കണ്ടെത്തിയതായി കഴിഞ്ഞദിവസം ഇദ്ദേഹം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ആശങ്കപ്പെടാനില്ലെന്നും ഖത്തറിൽ നൽകുന്ന കോവിഡ് വാക്സിനുകൾ അപകടകരമായ വകഭേദങ്ങളെ ഫലപ്രദമായും സുരക്ഷിതമായും നേരിടാൻ കരുത്തുള്ളതാണെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു. '
വാക്സിൻ സ്വീകരിക്കുന്നത് ആരോഗ്യസുരക്ഷ ഉറപ്പാക്കും. വാക്സിൻ എടുത്തവർക്ക് ഡെൽറ്റ വകഭേദം ബാധിച്ചാലും രോഗലക്ഷണങ്ങൾ താരതമ്യേനെ കുറവാകും. എന്നാൽ, വാക്സിൻ സ്വീകരിക്കാത്തവർക്ക് കൂടുതൽ ഗുരുതരമാവാനും ആശുപത്രിയിൽ ഐ.സി.യു ചികിത്സ തേടാനും സാധ്യതയുണ്ട്' -ഡോ. മസ്ലമാനി പറഞ്ഞു.
അതേസമയം, വാക്സിൻ എടുത്തവരും രോഗവ്യാപനത്തെ ചെറുക്കാൻ കരുതിയിരിക്കണം. 'വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്. എന്നാൽ, പുതിയ പഠനങ്ങൾ പ്രകാരം വാക്സിൻ എടുത്തവരിൽനിന്ന് വാക്സിൻ സ്വീകരിക്കാത്തവരിലേക്ക് രോഗം വ്യാപിപ്പിക്കാൻ കാരണമാവുന്നുണ്ട്. അതിനാൽ, എല്ലാവരും കോവിഡ് പ്രോേട്ടാകോൾ പ്രകാരമുള്ള കരുതലുകൾ സ്വീകരിക്കണം. മാസ്ക് അണിയുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടവേളകളിലായി കഴുകുക എന്നിവയാണ് ഏറ്റവും ഫലപ്രദമായ മുൻകരുതൽ' -മെഡിക്കൽ ഡയറക്ടർ പറഞ്ഞു. രാജ്യത്ത് ഇനിയും വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം ഭാഗമാവുക എന്നതാണ് പരിഹാരം. ലോകത്ത് ഇതിനകം 450 കോടി ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. ഗുരുതരമായ പാർശ്വഫലങ്ങളൊന്നും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാക്സിൻ സ്വീകരിച്ച ചിലർക്ക് രണ്ടു ദിവസത്തെ ചെറിയ ശാരീരിക അസ്വസ്ഥതകൾ അല്ലാതെ കാര്യമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ലെന്നും ഡോ. മസ്ലമാനി പറഞ്ഞു. സമൂഹത്തിലെ മുഴുവൻപേരും വാക്സിൻ എടുക്കുകയാണ് ആർജിത പ്രതിരോധം സ്വന്തമാക്കാനുള്ള മാർഗം. പൊതുവിൽ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. ഈദ് അവധിക്കുപിന്നാലെ, കഴിഞ്ഞ ആഴ്ചകളിൽ നേരിയ തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മാറ്റിനിർത്തിയാൽ രാജ്യം സുരക്ഷിതവുമാണ് -മെഡിക്കൽ ഡയറക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.