ഉസ് വയേ റസൂൽ മത്സരത്തിൽ ഓവറോൾ കിരീടം നേടിയ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദറിനൊപ്പം
ദോഹ: ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ആതിഥേയത്വം വഹിച്ച ഒമ്പതാമത് 'ഉസ് വയേ റസൂൽ' ഇന്റർസ്കൂൾ പ്രസംഗ -വിശുദ്ധ ഖുർആൻ പാരായണ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രവാസി സ്കൂളുകൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ ഖത്തറിലെ 19 പ്രമുഖ സ്കൂളുകളാണ് പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ പോയന്റുകൾ നേടി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഓവറോൾ ട്രോഫി സ്വന്തമാക്കി.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ജൂനിയർ വിഭാഗത്തിൽ പങ്കെടുത്തവർക്ക് ‘പ്രവാചകൻ മുഹമ്മദ് നബി (സ); കാരുണ്യവും ദയയും’ എന്നതായിരുന്നു വിഷയം. സീനിയർ വിഭാഗം വിദ്യാർഥികൾക്ക് ‘പ്രവാചകൻ മുഹമ്മദ് നബി (സ) സാമൂഹ്യ നീതിയുടെ തത്ത്വങ്ങൾ’ എന്ന വിഷയത്തിലുമാണ് മത്സരം സംഘടിപ്പിച്ചത്.പ്രസംഗ മത്സരത്തിൽ എം.ഇ.എസ് വിദ്യാർഥികളായ ഫാത്തിമ ഷിഫ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ജൂനിയർ വിഭാഗത്തിൽ ആയിഷ ഫാത്തിമ മൂന്നാം സമ്മാനവും കരസ്ഥമാക്കി. ഖുർആൻ പാരായണ മത്സരത്തിലും എം.ഇ.എസ് വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്തി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഉമൈർ മുജീബ് ഒന്നാം സമ്മാനവും സീനിയർ വിഭാഗത്തിൽ അബ്ദുൽ റഹ്മാൻ മൂന്നാം സമ്മാനവും നേടി. വിജയികളെ അഭിനന്ദിച്ച പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും പരിശ്രമത്തെയും പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.