ദോഹ: യു.എസ്-ഇറാൻ ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ ദോഹയിലുണ്ടെങ്കിലും ഇറാനുമായി നേരിട്ടുള്ള കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇരു കക്ഷികളും മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ചർച്ചകളുടെ പുരോഗതി വിലയിരുത്തും.
വിവിധ പ്രാദേശിക വിഷയങ്ങളിലെ മധ്യസ്ഥരുമായി കൂടിയാലോചിക്കുന്നതിനായാണ് യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും, ജറെഡ് കഷ്‌നറും ഖത്തർ സന്ദർശിക്കുന്നത്. ഇറാന്റെ മരവിപ്പിച്ച സാമ്പത്തിക ആസ്തികൾ മധ്യസ്ഥ ചർച്ചകളുടെ പുരോഗതിയുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് മാജിദ് അൽ അൻസാരി വ്യക്തമാക്കി. മരവിപ്പിച്ച 6 ബില്യൺ ഡോളർ മൂല്യമുള്ള ഇറാനിയൻ ഫണ്ടുകൾ ഇതുവരെ തെഹ്റാന് കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിലുണ്ടായ വെടിവെപ്പ് സംഘർഷം നിയന്ത്രണവിധേയമാക്കാൻ പ്രത്യേക ഹോട്ട്‌ലൈൻ ഉപയോഗിച്ചതായും മാജിദ് അൽ അൻസാരി വെളിപ്പെടുത്തി. ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഖത്തർ സഹകരണം തുടരുകയാണ്. കടലിടുക്കിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഒമാനുമായി ഏകോപനം നടത്തുന്നുണ്ടെന്നും, സ്വതന്ത്ര കപ്പൽഗതാഗതത്തിന് ഖത്തർ അതീവ പ്രാധാന്യം നൽകുന്നുവെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.
ബുധനാഴ്ച നടക്കുന്ന ചർച്ച, മരവിപ്പിച്ച സ്വത്തുക്കൾ മോചിപ്പിക്കുന്നതടക്കമുള്ള ധാരണപത്രത്തിലെ ചില വ്യവസ്ഥകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഖാഈ വ്യക്തമാക്കി. അതേസമയം, ഖത്തർ മുഖേന യു.എസും ഇറാനും പരസ്പരം സന്ദേശങ്ങൾ കൈമാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്.
ഈ മാസം ആദ്യം ഇരു രാജ്യങ്ങളും തമ്മിൽ ഇടക്കാല ധാരണ രൂപപ്പെടുത്തിയിട്ടുണ്ട്. ഹുർമുസിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കൽ, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിലുള്ള നിയന്ത്രണം, ഇറാനെതിരായ ഉപരോധം പിൻവലിക്കൽ, ഇറാന്റെ കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുനൽകൽ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക ധാരണയിലുള്ളത്. സമഗ്ര കരാറിലെത്താൻ 60 ദിവസത്തെ സമയപരിധി നിശ്ചയിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞദിവസങ്ങളിൽ വീണ്ടും ആക്രമണ-പ്രത്യാക്രമണങ്ങൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.