ദോഹ: ഖത്തറിൽനിന്നുള്ള ഉംറ തീർഥാടനത്തിനായി 11 ഏജൻസികൾക്ക് അനുമതി നൽകിയതായി മതകാര്യ മന്ത്രാലയം ഹജ്ജ് -ഉംറ വകുപ്പു മേധാവി അലി സുൽത്താൻ അൽ മിസ്ഫിരി അറിയിച്ചു. ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച് 'ദ പെനിൻസുല' പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 11 അംഗീകൃത ഉംറ ഓപറേറ്റർമാരുടെ വിവരങ്ങൾ മതകാര്യ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായും അറിയിച്ചു. തീർഥാടകർക്കുള്ള നിർദേശവും അദ്ദേഹം വിശദീകരിച്ചു. സൗദിയിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പായി മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാക്സിനേഷൻ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ മുഖീമിൽ നൽകണം. കൂടാതെ, തവക്കല്‍ന, ഇഅ്തമര്‍ന ആപുകളിലും രജിസ്റ്റര്‍ ചെയ്ത് ഉംറ നിര്‍വഹിക്കുന്നതിനും ഹറമില്‍ അഞ്ചുനേരം നമസ്‌കാരം നിര്‍വഹിക്കുന്നതിനും ഇലക്ട്രോണിക് പെർമിറ്റ് വാങ്ങണം. എന്തെങ്കിലും സാങ്കേതിക പ്രയാസങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ സൗദിയിലെ ഇനായ ഓഫിസുമായി ബന്ധപ്പെട്ട് ഇ- ബ്രേസ് ലെറ്റ് സ്വന്തമാക്കണം. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന ഖത്തർ പൗരന്മാരും പ്രവാസികളും ഈ നിർദേശങ്ങൾ പിന്തുടരണമെന്നും അൽ മിസ്ഫിരി പറഞ്ഞു.
അംഗീകൃത ടൂർ ഓപറേറ്റർമാർ മുഖേന മാത്രമേ തീർഥാടനം നടത്താൻ കഴിയൂ എന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ ഉംറ തീർഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാനായി പ്രതിനിധി സംഘം സൗദി സന്ദർശിച്ചതായും, ഇതുസംബന്ധിച്ച മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉംറ തീർഥാടനം ആഗ്രഹിക്കുന്നവർക്ക് ഹോട്ലൈൻ നമ്പറായ 132ൽ ബന്ധപ്പെടാമെന്നും സൗദിയിലാണെങ്കിൽ ജിദ്ദയിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാമെന്നും അറിയിച്ചു. അംഗീകൃത ഉംറ ഓപറേറ്റേഴ്സ്: തയ്ബ ഫോര്‍ ഹജ്ജ് ആൻഡ് ഉംറ, അന്‍സാര്‍ ഫോര്‍ ഹജ്ജ് ആൻഡ് ഉംറ, ബിന്‍ ദര്‍വീഷ് ഫോര്‍ ഹജ്ജ് ആൻഡ് ഉംറ, അല്‍ ഫുര്‍ഖാന്‍ ഫോര്‍ ഹജ്ജ് ആൻഡ് ഉംറ, അല്‍ ഖുദ്സ് ഫോര്‍ ഹജ്ജ്-ഉംറ ആൻഡ് ടൂറിസം, നുസൂക് ഫോര്‍ ഹജ്ജ് ആൻഡ് ഉംറ, ലബ്ബൈക് ഫോര്‍ ഹജ്ജ് ആൻഡ് ഉംറ, ഡോറാത്ത് മക്ക ഫോര്‍ ഹജ്ജ് ആൻഡ് ഉംറ, ഹാതിം ഫോര്‍ ഹജ്ജ് ആൻഡ് ഉംറ, അല്‍ നൂര്‍ ഫോര്‍ ഹജ്ജ് ആൻഡ് ഉംറ, അല്‍ ഹമ്മാദി ഫോര്‍ ഹജ്ജ് ആൻഡ് ഉംറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.