മസ്കത്ത്: കേരളത്തിൽ എസ്.ഐ.ആർ നടപടികൾ പുരോഗമിക്കവെ നേരത്തെ വോട്ടർ പട്ടികയിൽ പേരില്ലാത്തവരും കരട് പട്ടികയിൽനിന്ന് പുറത്തായവരുമായ പ്രവാസികൾക്ക് (ഓവർസീസ് ഇലക്ടേഴ്സ്) പേര് ചേർക്കാൻ ഇപ്പോൾ അപേക്ഷിക്കാം. പരാതികളും അപേക്ഷകളും ജനുവരി 22ന് മുമ്പായി നൽകണം. ഈ അപേക്ഷകളിലെ നടപടികൾ കൂടി പൂർത്തീകരിച്ച് ഫെബ്രുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതേസമയം, തെരെഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റുകളിൽ പലതും വിദേശരാജ്യങ്ങളിൽ തുറക്കാൻ കഴിയാത്തത് പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
പ്രവാസികൾ ഫോം സിക്സ്-എ ഫോം ആണ് പൂരിപ്പിച്ച് നൽകേണ്ടത്. അതാത് സ്ഥലങ്ങളിലെ ബി.എൽ.ഒ മാരിൽ നിന്നും ഫോമുകൾ വാങ്ങാം. ഓൺലൈൻ വഴിയും അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ സർവിസ് പോർട്ടലായ https://voters.eci.gov.in/ എന്ന ലിങ്ക് വഴിയാണ് സിക്സ്-എ ഫോം പൂരിപ്പിച്ചു നൽകേണ്ടത്. ഹോം പേജിൽ കാണുന്ന ഓപ്ഷനുകളിൽനിന്ന് ‘ഓവർസീസ് ഇലക്ടർ’ എന്ന് ക്ലിക്ക് ചെയ്ത ശേഷം ഫോം സിക്സ് -എ തെരഞ്ഞെടുക്കാം. സംസ്ഥാനം , ജില്ല, നിയമസഭ മണ്ഡലം എന്നിവ തെരഞ്ഞെടുത്ത്, വോട്ടറുടെ വിവരങ്ങൾ സമർപ്പിക്കണം. പാസ്പോർട്ടിലുള്ള പേരും സർനെയിമും നൽകണം. വോട്ടർ ഐഡി കാർഡ് നമ്പർ (പുതിയ അപേക്ഷകർക്ക് വേണ്ടതില്ല), ആധാർ നമ്പർ (നിർബന്ധമില്ല), മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവ വിവരങ്ങളും അതത് കോളങ്ങളിൽ പൂരിപ്പിച്ചു നൽകുക. ഓർഡിനറി റസിഡൻസ് ഇൻ ഇന്ത്യ എന്ന ഭാഗത്ത് നിങ്ങളുടെ നിയമസഭ മണ്ഡലത്തിലെ താമസ സ്ഥലത്തിന്റെ പൂർണ വിലാസം നൽകുക.
വിദേശത്ത് താമസിക്കുന്നതുമായി ബന്ധപ്പെട്ട വിവരം ആവശ്യപ്പെടുന്നയിടത്ത് ഇന്ത്യൻ പൗരനെന്ന് രേഖപ്പെടുത്തുകയും നിലവിൽ താമസിക്കുന്ന രാജ്യത്തിന്റെ പേരും വിദേശത്തെ പൂർണ വിലാസവും പാസ്പോർട്ട്, വിസ വിവരങ്ങളും പാസ്പോർട്ട് സൈസ് ഫോട്ടോയും നൽകണം.
അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അക്നോളജ്മെന്റ് നമ്പർ ഭാവിയിൽ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനടക്കം ആവശ്യമാണ്.
അപേക്ഷകളിൽ അതാത് ബൂത്ത് ചുമതലയുള്ള ബി.എൽ.ഒ മാർ വഴിയാകും അംഗീകാരം നൽകുക. പ്രവാസി വോട്ടറായി പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് വേളയിൽ നാട്ടിലുണ്ടെങ്കിൽ അതാത് ഇടങ്ങളിൽ വോട്ട് ചെയ്യാം.
തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കൈവശമുള്ള അച്ചടിച്ച കോപ്പി വഴിയും കരട് പട്ടിക പരിശോധിച്ച് വോട്ട് ഉറപ്പുവരുത്താം.
സലാല: ഇന്ത്യൻ ഇലക്ഷൻ കമീഷൻ വോട്ടർ സർവിസ് വെബ്സൈറ്റ് (https://voters.eci.gov.in/) നിലവിൽ പല വിദേശ രാജ്യങ്ങളിൽ നിന്നും തുറക്കാൻ സാധിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വെൽഫെയർ സലാല തെരെഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിക്കുകയും അനുബന്ധ നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നതിനാൽ നിരവധി ഇന്ത്യൻ പ്രവാസികൾക്ക് അവരുടെയും കുടുംബാംഗങ്ങളുടെയും പേരു വിവരങ്ങൾ കരട് പട്ടികയിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കൂടാതെ, ധാരാളം പ്രവാസികൾ ഫോം 6A സമർപ്പിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ വിദേശത്തുനിന്ന് വെബ്സൈറ്റ് തുറക്കാൻ സാധിക്കാത്തതിനാൽ ഈ അവശ്യ പ്രക്രിയകൾ പൂർത്തിയാക്കുവാൻ പ്രവാസികൾക്ക് കഴിയാതെ പോകുന്നു. ഇത് വിദേശത്ത് താമസിക്കുന്ന പ്രവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഈ വിഷയം മുൻഗണനാടിസ്ഥാനത്തിൽ പരിശോധിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. വെബ്സൈറ്റിലെ മറ്റു സാങ്കേതിക പ്രശ്നങ്ങളും പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിദേശത്ത് ജനിച്ച പ്രവാസികൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ ജനനസ്ഥലം തെരെഞ്ഞെടുക്കുമ്പോൾ അതത് രാജ്യങ്ങളുടെ പേര് കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. പുതിയ പാസ്പോർട്ടുകളിൽ ഒരു അക്ഷരം കൂടി കൂടുതലുള്ളതിനാൽ പുതിയ പാസ്പോർട്ട് ഉള്ളവർക്കും അപേക്ഷിക്കാൻ സാധിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.