സൊമാലിലാന്റ് മേഖലക്ക് അംഗീകാരം; ഇസ്രായേൽ നടപടി തള്ളി ഖത്തർ

ദോഹ: ഇസ്രായേൽ അധിനിവേശ അതോറിറ്റിയും സൊമാലിലാന്റ് മേഖലയും തമ്മിലുള്ള പരസ്പര അംഗീകാരത്തെ തള്ളി ഖത്തർ. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും സൊമാലിയയുടെ പരമാധികാരത്തെയും ഐക്യത്തെയും പ്രാദേശിക അഖണ്ഡതയെയും തകർക്കുന്ന അപകടകരമായ നീക്കമാണെന്നും ഖത്തർ വ്യക്തമാക്കി. ​

സൊമാലിയയുടെ ഐക്യത്തെ തകർക്കുന്ന സമാന്തര സംവിധാനങ്ങൾ സ്ഥാപിക്കാനും അടിച്ചേൽപ്പിക്കാനുമുള്ള നീക്കത്തെ എതിർക്കുന്നതായി വ്യക്തമാക്കിയ ഖത്തർ വിദേശകാര്യ മന്ത്രാലയം, സൊമാലിയൻ ഭരണകൂടത്തിന്റെ ഔദ്യോഗിക സ്ഥാപനങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചു. സൊമാലിയയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയും മന്ത്രാലയം വിശദമാക്കി. ​അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുകയും മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നതുമായ നയങ്ങൾ തുടരുന്നതിനു പകരം, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണ് ഇസ്രായേൽ ചെയ്യേണ്ടത്.

ഗസ്സയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ ഇസ്രായേൽ തയാറാകണമെന്നും ഖത്തർ ആവശ്യപ്പെട്ടു. സൊമാലിയയുടെ പരമാധികാരത്തിനും ഐക്യത്തിനും പ്രാദേശിക അഖണ്ഡതക്കും പിന്തുണ ആവർത്തിച്ച മന്ത്രാലയം, അന്താരാഷ്ട്ര നിയമങ്ങളും തീരുമാനങ്ങളും മാനിക്കണമെന്നും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഏകോപിതമായ അന്താരാഷ്ട്ര ശ്രമങ്ങൾ വേണമെന്നും ആഹ്വാനം ചെയ്തു.

Tags:    
News Summary - Qatar rejects Israeli action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.