ഖത്തർ-യു.എസ് സ്ട്രാറ്റജിക് ഡയലോഗിനെ സ്വാഗതം ചെയ്ത് ഖത്തർ മന്ത്രിസഭാ യോഗം

ദോഹ: വാഷിങ്ടണിൽ നടന്ന ഏഴാമത് ഖത്തർ-യു.എസ് സ്ട്രാറ്റജിക് ഡയലോഗിനെ സ്വാഗതം ചെയ്ത് ഖത്തർ മന്ത്രിസഭാ യോഗം. ബുധനാഴ്ച അമീരി ദിവാനിൽ നടന്ന യോഗത്തിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സുഊദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ഹസൻ ആൽ ഥാനി അധ്യക്ഷത വഹിച്ചു.

ഖത്തർ-യു.എസ് സ്ട്രാറ്റജിക് ഡയലോഗിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ശക്തിയും പ്രതിഫലിപ്പിക്കുന്നെന്നും വിവിധ മേഖലകളിലെ പങ്കാളിത്തത്തിന്റെ ദൃഢതയും സഹകരണം വികസിപ്പിക്കാനുള്ള ഇച്ഛാശക്തിയും എടുത്തുകാണിക്കുന്നെന്നും മന്ത്രിസഭ വിലയിരുത്തി.ഖത്തർ ആതിഥേയത്വം വഹിച്ച ഐക്യരാഷ്ട്രസഭയുടെ അഴിമതിക്കെതിരായ യു.എൻ കൺവെൻഷനെയും യോഗത്തിന്റെ ഫലങ്ങളെയും മന്ത്രിസഭ പ്രശംസിച്ചു. അഴിമതി തടയുന്നതിലും ചെറുക്കുന്നതിലും കൃത്രിമബുദ്ധി സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചാണ് സെഷനിലെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

മൃഗങ്ങളുടെ ആരോഗ്യ സംബന്ധമായ കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. മേഖലയിലെ മാറ്റങ്ങൾക്ക് അനുസൃതമായി നിയമം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കരട് നിയമം. മൃഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള 1985ലെ ഒന്നാം നമ്പർ നിയമത്തിന് പകരമായി മുനിസിപ്പാലിറ്റി മന്ത്രാലയം തയാറാക്കിയ കരട് നിയമത്തിനാണ് അംഗീകാരം നൽകിയത്.ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെ മെഡിക്കൽ കമ്മിറ്റി സ്ഥാപിക്കുന്നതിനും അതിന്റെ ഉത്തരവാദിത്തങ്ങൾ നിർവചിക്കുന്നതിനുമുള്ള കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. സ്ഥാനക്കയറ്റത്തിന് അപേക്ഷിച്ചിട്ടുള്ള ജീവനക്കാർക്ക് നിശ്ചയിച്ചിട്ടുള്ള പരിശീലന കോഴ്സുകളും ബദലുകളും സംബന്ധിച്ച സിവിൽ സർവിസ് പ്രസിഡന്റിന്റെയും ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയുടെയും കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി.

ഖത്തർ സർക്കാറും തുർക്ക്മെനിസ്താൻ സർക്കാരും തമ്മിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, ശേഷി വർധിപ്പിക്കൽ, അനുഭവ കൈമാറ്റം എന്നീ മേഖലകളിൽ സംയുക്ത സഹകരണം സംബന്ധിച്ച കരട് ധാരണപത്രത്തിന് അംഗീകാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് റിപ്പോർട്ടുകൾ അവലോകനം ചെയ്യുകയും അവയുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് മന്ത്രിസഭ യോഗം അവസാനിച്ചത്.

Tags:    
News Summary - Cabinet meeting held; Cabinet welcomes Qatar-US Strategic Dialogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.