പ്രാണികളുടെ വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവർത്തനം നടത്തുന്നു
ദോഹ: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രാണികളുടെ വ്യാപനം തടയുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. എല്ലാ താമസക്കാർക്കും ശുചിത്വമുള്ളതും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കൻ ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങുടെ ഭാഗമായി താമസസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രാണികൾ പെരുകാൻ സാധ്യതയുള്ള ഇടങ്ങളിലും മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ പ്രതിരോധ മരുന്ന് തളിച്ചു. കൂടാതെ, പ്രാണികളുടെ പ്രജനനം തടയുന്നതിനായി പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണ പരിപാടികളും നടത്തി.
നവംബർ 14 മുതൽ ഡിസംബർ 11 വരെയുള്ള കണക്കുകൾ പ്രകാരം, വിവിധ മുനിസിപ്പാലിറ്റികളിലായി 8,949 അപേക്ഷകളാണ് ലഭിച്ചത്. പൊതുജനങ്ങൾക്കായുള്ള സേവനങ്ങൾ മുനിസിപ്പൽ ടീമുകളുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പരിഗണിച്ചു. ഈ കാലയളവിൽ കൂടുതൽ അപേക്ഷകൾ പരിഗണിച്ചത് ദോഹ മുനിസിപ്പാലിറ്റിയിലാണ്. 2,185 അപേക്ഷകളാണ് പരിഗണിച്ചത്. അൽ റയ്യാൻ മുനിസിപ്പാലിറ്റി (2105), അൽ ദായീൻ (1491), ഉം സലാൽ (1421), അൽ വക്റ (1,046), അൽ ഖോർ, അൽ ദഖീറ (398), ഷഹാനിയ (154), അൽ ഷമാൽ (149) എന്നിങ്ങനെയാണ് മറ്റു മുനിസിപ്പാലിറ്റികളിൽ അപേക്ഷകൾ പരിഗണിച്ചത്. രാജ്യത്തെ പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
മുനിസിപ്പാലിറ്റി സേവനങ്ങൾക്കായി ഭൂരിഭാഗം പേരും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഔൻ മൊബൈൽ ആപ്പിലൂടെ 5717 അപേക്ഷകളാണ് ലഭിച്ചത്. യൂണിഫൈഡ് കോൺടാക്റ്റ് സെന്ററിലൂടെ 3,107 അപേക്ഷകളും ലഭിച്ചു. ഔദ്യോഗിക വെബ്സൈറ്റിലൂടെ 125 അപേക്ഷകളും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.