ദോഹ: കരുത്തരായ ഫ്രാൻസിനെ തളച്ച യുഗാണ്ട അടുത്ത റൗണ്ട് ഘട്ടത്തിലേക്ക് പ്രവേശനമുറപ്പാക്കിയപ്പോൾ ജയിംസ് ബൊഗെരെ ആയിരുന്നു ഹീറോ, ടൂർണമെന്റിന്റെ 18ാം മിനിറ്റിൽ ഒമ്പതാം നമ്പർ താരം ഫ്രാൻസിന്റെ വല കുലുക്കിയപ്പോൾ അത് ലോകകപ്പ് ടൂർണമെന്റിലെ യുഗാണ്ടയുടെ ആദ്യ വിജയമുറപ്പാക്കുകയായിരുന്നു. പിന്നീട്, നിരവധി അവസരങ്ങൾ ഫ്രാൻസിന് ലഭിച്ചെങ്കിലും പക്ഷെ, എല്ലാം വിഫലമാകുകയായിരുന്നു.
ചെക്ക് റിപ്പബ്ലിക്-അമേരിക്ക മത്സരത്തിൽനിന്ന്
മറ്റൊരു കളിയിൽ കാനഡയെ (2-1) പിടിച്ചുകെട്ടിയെങ്കിലും ചിലി പുറത്തായി. ആദ്യ പകുതിയിൽ ഷോള ജിമോ (32) കാനഡക്ക് ലീഡ് നൽകിയാണ് പിരിഞ്ഞത്. എന്നാൽ, രണ്ടാം പാതിയിൽ കളി തലകീഴായി. സിദാൻ യാനെസ് (55), മാറ്റിയാസ് ഒറല്ലാന (66) എന്നിവർ ഗോളുകൾ നേടി ചിലിയെ വിജയത്തിലേക്ക് നയിച്ചു.
അതേസമയം, ഗ്രൂപ് കെ-യിൽ അണ്ടർ 17 ലോകകപ്പ് ഗ്രൂപ് ഘട്ടത്തിന്റെ ചരിത്രത്തിൽ ആദ്യമായി നാല് ടീമുകളും പോയന്റ് നിലയിൽ തുല്യത പാലിച്ചു. ഫ്രാൻസ്, കാനഡ, യുഗാണ്ട എന്നിവർ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. അതേസമയം, കാനഡക്കെതിരെ വിജയിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ പിന്നിലായതിനാൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ചിലി. ഗ്രൂപ് ജെയിൽ പാനമക്കെതിരെ ബൂട്ടുകെട്ടിയ ഉസ്ബകിസ്താൻ (6-1) അനായാസ ജയം നേടി. ഉസ്ബകിസ്താനുവേണ്ടി അബൂബക്കർ ഷുക്കുറുല്ലായേവ് (48), സദ്റദ്ദീൻ ഖസനോവ് (53), സെയ്ഫിദ്ദീൻ സോദിക്കോവ് (68) വല കുലുക്കി ടൂർണമെന്റ് സുരക്ഷിതമാക്കി. വിജയമുറപ്പാക്കിയ ഉസ്ബകിസ്താന്റെ മൂന്നു ഗോളുകൾ അവസാന നിമിഷങ്ങളിലാണ് പിറന്നത്. ജംഷിദ്ബെക്ക് റുസ്തമോവ് (90+1), അസിൽബെക്ക് അലീവ് (90+5) അവസാന നിമിഷങ്ങളിൽ സോളോ ഗോളുകൾ നേടിയപ്പോൾ അബ്ദുസ്സമദ് സൈദോവ് (90+7) പെനാൽറ്റി നേടി വിജയത്തിന്റെ മാധുര്യം വർധിപ്പിച്ചു.
അവസാന നിമിഷം ജോസഫ് പച്ചെക്കോ (90+10) പാനമക്കുവേണ്ടി ആശ്വാസ ഗോൾ നേടി. പരഗ്വേക്കെതിരായ ടൂർണമെന്റിൽ അയർലൻഡ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിൽ പരഗ്വേയുടെ മൗറീഷ്യോ ഡി കാർവാലോക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പക്ഷേ, അദ്ദേഹത്തിന്റെ ശ്രമം വിഫലമായി. അതേസമയം, രണ്ടു ജയവും ഒരു സമനിലയും നേടി അയർലൻഡ് ഗ്രൂപ് ജെയിൽ ഒന്നാമതെത്തി. രണ്ടു ജയവും ഒരു തോൽവിയും നേരിട്ട ഉസ്ബകിസ്താൻ രണ്ടാമതാണ്. ഇരുവരും നോക്കൗട്ട് റൗണ്ടിലേക്ക് സ്ഥാനമുറപ്പിച്ചു.
അതേസമയം, ഗ്രൂപ് ഘട്ടത്തിൽ മൂന്നു വിജയവും നേടി കരുത്തരായി യു.എസ്. രണ്ടാം പകുതിയിൽ മാത്യുസ് ആൽബർട്ടിന്റെ (78) മികച്ച പ്രകടനത്തിലൂടെ ചെക്ക് റിപ്പബ്ലികിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് യു.എസ് വിജയമുറപ്പാക്കിയത്. പരാജയപ്പെട്ടെങ്കിലും ചെക്ക് റിപ്പബ്ലിക് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തജിക്കിസ്ഥാനെ പരാജയപ്പെടുത്തി ബുർക്കിന ഫാസോ ടൂർണമെന്റിന്റെ അടുത്ത റൗണ്ട് മത്സരങ്ങളിൽ മാറ്റുരക്കും. ഗ്രൂപ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട തജിക്കിസ്താൻ പുറത്തായി.
ഷെറിഫ് ബാരോ 79ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി തജിക്കിസ്താന്റെ വലയിലേക്ക് അടിച്ചുകയറ്റി. എറിക് ഔട്ടാര (90+2) അവസാന നിമിഷം മറ്റൊരു ഗോൾ നേടി വിജയം ഉറപ്പാക്കി. ന്യൂസിലാൻഡിനെതിരെ ഓസ്ട്രിയയും (4-1) സൗദി അറേബ്യക്കെതിരെ മാലിയും (2-0) വിജയിച്ചു.
മത്സര ഫലം
യുഗാണ്ട -ഫ്രാൻസ് (1-0)
ചിലി -കാനഡ (2-1)
അയർലൻഡ് -പരഗ്വേ (0-0)
ഉസ്ബകിസ്താൻ -പാനമ (6-1)
ചെക് റിപ്പബ്ലിക് -അമേരിക്ക (0-1)
ബുർകിനഫാസോ -തജികിസ്താൻ (2-0)
സൗദി അറേബ്യ - മാലി (0-2)
ന്യൂസിലൻഡ് -ഓസ്ട്രിയ (1-4)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.