ദോഹ എ റിങ് റോഡ്
ദോഹ: ലോകകപ്പിലേക്ക് രണ്ടുമാസത്തിൽ കുറഞ്ഞ നാളുകൾ ബാക്കിനിൽക്കെ ഗതാഗത പരിഷ്കാരങ്ങളും നിയന്ത്രണങ്ങളുമായി അധികൃതർ. ലോകകപ്പ് വേളയിൽ ലക്ഷക്കണക്കിന് ജനങ്ങൾ ദോഹ നഗരത്തിൽ സംഗമിക്കുമ്പോൾ റോഡുകൾ എങ്ങനെ തിരക്കില്ലാതെ സുരക്ഷിതമാക്കാം എന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും.
എല്ലാ വെള്ളിയാഴ്ചകളിലുമായി നമ്പര്‍ പ്ലേറ്റ് മാനേജ്മെന്റ് സംവിധാനമാണ് ആദ്യഘട്ടത്തിൽ പരീക്ഷിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 മണിവരെ ചില വാഹനങ്ങള്‍ക്ക് സെന്‍ട്രല്‍ ദോഹയിലേക്ക് പ്രവേശനം ഉണ്ടാകില്ല. പൊതുഗതാഗതാവശ്യങ്ങള്‍ക്കുള്ള കമ്പനി വാഹനങ്ങള്‍ക്കും കറുത്ത നമ്പര്‍ പ്ലേറ്റുള്ള വാണിജ്യ വാഹനങ്ങള്‍ക്കുമാണ് സെന്‍ട്രല്‍ ദോഹയിലേക്ക് പ്രവേശന വിലക്കുള്ളത്.
വടക്ക് അല്‍ ഖഫ്ജി സ്ട്രീറ്റ്, തെക്കുനിന്നും പടിഞ്ഞാറുനിന്നും സി- റിങ് റോഡ്, കിഴക്ക് കോര്‍ണിഷ് സ്ട്രീറ്റ് എന്നിവയാണ് നിയന്ത്രണ പരിധിയില്‍ വരുന്നത്.
അതേസമയം, ഒരു വാഹനം മാത്രമുള്ളവർ, മുവാസലാത്ത്, ഖത്തർ റെയിൽ വാഹനങ്ങൾ, അടിയന്തര സർവിസ് എന്നിവക്ക് നിയന്ത്രണം ബാധകമല്ല.
ലോകകപ്പിനോടനുബന്ധിച്ച് നവംബര്‍ ഒന്നു മുതല്‍ വാഹന നിയന്ത്രണം എല്ലാദിവസവും ഉണ്ടാകും. ലംഘിക്കുന്നവര്‍ക്ക് പിഴയും ചുമത്തും. ലോകകപ്പ് കാലത്തെ ഗതാഗത നിയന്ത്രണങ്ങളുടെ ട്രയല്‍ എന്നനിലക്കാണ് ഇപ്പോഴുള്ള പരിഷ്കാരങ്ങള്‍. ലുസൈൽ സൂപ്പർ കപ്പ് ദിനത്തിൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഞായറാഴ്ച മുതല്‍ എ- റിങ് റോഡില്‍ ബസുകള്‍ക്കായി മാറ്റിവെച്ച ട്രാക്കില്‍ മറ്റുവാഹനങ്ങള്‍ ഓടിച്ചാല്‍ പിഴ ചുമത്തും. പൊതുഗതാഗത ബസുകള്‍ക്ക് മാത്രമായി മാറ്റിവെച്ച ട്രാക്കില്‍ മറ്റുവാഹനങ്ങള്‍ ഓടിച്ചാല്‍ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
ടാക്സി, അംഗീകൃത വാഹനങ്ങള്‍ എന്നിവക്ക് മാത്രമാണ് ബസുകള്‍ക്കുപുറമെ ഈ ട്രാക്ക് ഉപയോഗിക്കാനാവുക. ലോകകപ്പ് സമയത്ത് ആരാധകരുടെ യാത്രകള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.