ദോഹ: ഗസ്സയിൽ ജനവാസ മേഖലകൾക്കും ആശുപത്രികൾക്കും നേരെ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ശക്തമായ പ്രതിഷേധമറിയിച്ച് ഖത്തർ ഉൾപ്പെടെയുള്ള അറബ് -മുസ്ലിം രാജ്യങ്ങൾ. സൗദി അറേബ്യ, ജോർഡാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ എട്ട് രാജ്യങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗസ്സയിലെ ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടക്കുന്ന ഇസ്രായേൽ ആക്രമണങ്ങളെ വിദേശകാര്യമന്ത്രിമാർ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ രൂക്ഷമായി വിമർശിച്ചു.
സ്ത്രീകളും കുട്ടികളും അടക്കമുള്ള സിവിലയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനവിക തത്ത്വങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. നിരായുധീകരണം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങിയ റോഡ് മാപ്പ് ഫലസ്തീൻ വിഭാഗങ്ങൾ അംഗീകരിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതാണ്. എന്നാൽ, ഇസ്രായേൽ തുടരുന്ന ഈ ലംഘനങ്ങൾ, സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇത് മേഖലയിൽ സംഘർഷം വർധിപ്പാക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുകയും ആരോഗ്യപ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കും സുരക്ഷ ഉറപ്പാക്കുകയും വേണം. ഗസ്സയിലുടനീളം തടസ്സങ്ങളില്ലാതെ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും ഉടനടി എത്തിക്കണമെന്നും വിദേശകാര്യമന്ത്രിമാർ ആഹ്വാനം ചെയ്തു.
വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന അതിക്രമങ്ങൾ, അനധികൃത ഭവന നിർമാണങ്ങൾ, ജറുസലേമിലെ നിലവിലെ സ്ഥിതി മാറ്റാനുള്ള നീക്കങ്ങൾ എന്നിവയുടെ തുടർച്ചയായാണ് ഗസ്സയിലെ ആക്രമണങ്ങൾ. ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയം തകർക്കാനും, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഇല്ലാതാക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണിത്. യു.എൻ രക്ഷാസമിതിയുടെ 2803ാം നമ്പർ പ്രമേയവും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കാൻ ഇസ്രായേലിന് മേൽ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെയുത്തണം. കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും, സ്ഥിരമായ വെടിനിർത്തൽ സാധ്യമാക്കാനും അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രിമാർ ആവശ്യപ്പെട്ടു.
ഫലസ്തീൻ മണ്ണ് കൈയ്യേറാനോ, ജനങ്ങളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനോ ഉള്ള ഒരു നീക്കവും അംഗീകരിക്കില്ല. 1967ലെ അതിർത്തികൾ അംഗീകരിച്ച്, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ‘ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ’ മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാൻ സാധിക്കൂ എന്നും വിദേശകാര്യമന്ത്രിമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.