ടാങ്കറുകൾക്ക് ട്രാക്കിങ്; ഒക്ടോബർ ഒന്നുവരെ സമയപരിധി

ദോഹ: മലിനജലം കൊണ്ടുപോവുന്ന ടാങ്കറുകളിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിക്കേണ്ട തീയതിയിൽ ഇളവു നൽകി പൊതുമരാമത്ത് വിഭാഗം. ആഗസ്റ്റ് ഒന്നു മുതൽ ട്രാക്കിങ് ഉപകരണം ഘടിപ്പിക്കാത്ത ടാങ്കറുകൾക്ക് പ്ലാന്‍റുകളിൽ പ്രവേശനം നൽകില്ലെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവിട്ട അറിയിപ്പുപ്രകാരം ട്രാക്കിങ് ഉപകരണം ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ ഒന്നാക്കി മാറ്റി. ഒക്ടോബർ ഒന്നിന് ശേഷം, ട്രാക്കിൽ ഉപകരണമില്ലാത്ത വാഹനങ്ങൾ പുതിയ പെർമിറ്റോ പെർമിറ്റ് പുതുക്കലോ അനുവദിക്കില്ലെന്ന് വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ നടപടിയുടെ അടിസ്ഥാനത്തിൽ മാർച്ച് ഒന്ന് മുതൽ ട്രാക്കിങ് ഉപകരണം ഘടിപ്പിക്കാനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. പുതുക്കിയ തീയതിപ്രകാരം ഒക്ടോബർ ഒന്നിന് മുമ്പായി ടാങ്കറുകളിൽ ട്രാക്കിങ് സംവിധാനം ഘടിപ്പിച്ചതായി ഉറപ്പാക്കണമെന്ന് അശ്ഗാൽ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

ശുദ്ധീകരണ പ്ലാൻറിലേക്കും തിരിച്ചുമുള്ള ടാങ്കറുകളുടെ യാത്രയും പ്രവർത്തനവും അറിയാനുള്ള ട്രാക്കിങ് സംവിധാനമാണ് ഇത്. ടാങ്കറുകൾ ശരിയായ സ്ഥലങ്ങളിൽതന്നെയാണോ വെള്ളം എത്തിക്കുന്നതെന്നും നിർദ്ദിഷ്ട പ്ലാന്‍റിൽ തന്നെയാണോ പ്രവർത്തിക്കുന്നതെന്നും നിരീക്ഷിക്കുന്നതിനുവേണ്ടിയാണ് ട്രാക്കിങ് ഉപകരണം ഘടിപ്പിക്കുന്നത്. നിരോധിത പ്രദേശങ്ങളില്‍ വെള്ളം ഒഴിവാക്കുന്നത് തടയുകയും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്. വർഷാവസാനം നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ കൂടി പശ്ചാത്തലത്തിൽ മലിനജല വാഹകരായ ടാങ്കറുകളുടെ പ്രവർത്തനം കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് പ്രധാനം. ട്രാക്കിങ് സിസ്റ്റം ഘടിപ്പിക്കുന്നതോടെ കൺട്രോൾ സെന്‍ററിൽ ഇരുന്നാൽ വാഹനത്തിന്‍റെ യാത്രയും വെള്ളം എത്തിക്കുന്ന സ്ഥലവും കൃത്യമായി അറിയാൻ സാധിക്കും. കൂടാതെ ഖത്തറിലുടനീളം ടാങ്കറുകള്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളും ശുദ്ധീകരണ പ്ലാന്‍റുകളുടെ സാമീപ്യവും നിര്‍ണയിക്കുന്നതിലൂടെ യാത്രാ ദൂരം കുറയ്ക്കാനും ഈ സംവിധാനം സഹായകമാകും.

അപേക്ഷ സമർപ്പിക്കുന്നവർക്ക് സൽവ റോഡ് ബ്രാഞ്ചിലെ അശ്ഗാൽ ഉപഭോക്തൃ സേവന കേന്ദ്രം വഴി സിം കാർഡ് നൽകും. സിം ലഭിക്കുമ്പോൾ, ടാങ്കർ ഉടമ ഫോം പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ സഹിതം avltankersupport@ashghal.gov.qa. എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, അശ്ഗാലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 188 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Tags:    
News Summary - Tracking for tankers; October 1 deadline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.